‘ലുലു കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം കേരളാ മഹാരാജാവ് നിര്‍വ്വഹിച്ചു’ കൊച്ചിയിലെത്തിയിട്ടും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കൊച്ചി: കൊച്ചിയിലെത്തിയിട്ടും വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാതെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. ബോള്‍ഗാട്ടിയില്‍ നിന്ന് കാറില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ വരാപ്പുഴ ദേവസ്വംപാടത്ത് എത്താം. ജനകീയ പോലീസിന്റെ സ്നേഹ പരിലാളനമേറ്റു കാലഗതി പ്രാപിച്ച ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാം. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറായില്ല.

മഹാരാജാവ് മാത്രമല്ല നാല് സിപിഐക്കാര്‍ അടക്കം മന്ത്രി പുംഗവന്മാരും ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ശ്രീജിത്തിന്റെ മരണം കസ്റ്റഡികൊലപാതകമെന്ന് തെളിഞ്ഞശേഷവും നയാപൈസ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ലെന്നും ജയശങ്കര്‍ പരിഹസിച്ചു

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബോള്‍ഗാട്ടിയില്‍ ലോകമഹാമുതലാളി എംഎ യൂസഫലി കോടികള്‍ മുടക്കി പണിതുയര്‍ത്തിയ ലുലു കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഹയാത് ഹോട്ടലിന്റെയും ഉദ്ഘാടനം ബഹു കേരള മഹാരാജാവ് പിണറായി വിജയന്‍ തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു. അലി മുതലാളി മാന്യനാണ്, ഭൂമിയുടെ ഉപ്പാണ് എന്നൊക്കെ തട്ടിമൂളിച്ചു.

ബോള്‍ഗാട്ടിയില്‍ നിന്ന് കാറില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ വരാപ്പുഴ ദേവസ്വംപാടത്ത് എത്താം. ജനകീയ പോലീസിന്റെ സ്നേഹ പരിലാളനമേറ്റു കാലഗതി പ്രാപിച്ച ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാം.

മഹാരാജാവിന്റെ കൊടിവച്ച കാര്‍ വരാപ്പുഴ പാലം കടന്നാണ് പറവൂര്‍ക്കു പോയത്. പക്ഷേ ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ശ്രീജിത്തിന്റെ വീട്ടില്‍ പോകുന്നുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കനത്ത മൗനമായിരുന്നു മറുപടി.

മഹാരാജാവ് മാത്രമല്ല നാല് സിപിഐക്കാര്‍ അടക്കം മന്ത്രി പുംഗവന്മാരും ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ശ്രീജിത്തിന്റെ മരണം കസ്റ്റഡികൊലപാതകമെന്ന് തെളിഞ്ഞശേഷവും നയാപൈസ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു എന്ന് ഒന്നരച്ചങ്കനായ സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നുമുണ്ട്.

സച്ചിദാനന്ദന്‍ മുതലിങ്ങാട്ടുളള സാംസ്‌കാരിക നായകളും മഹാനിദ്രയിലാണ്. പാര്‍ട്ടി ഓഫീസില്‍ നിന്ന് അറിയിപ്പു കിട്ടിയാലുടന്‍ കുരയ്ക്കാനും കടിക്കാനും തുടങ്ങും. അതുവരെ വിശ്രമം.

Similar Articles

Comments

Advertismentspot_img

Most Popular