ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്നു ദക്ഷിണ കൊറിയ; ടൈം സോണ്‍ തുല്യമാക്കും

സോള്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. വെള്ളിയാഴ്ച നടന്ന ഉച്ചകോടിയില്‍ ഇക്കാര്യം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അറിയിച്ചതായും ഇന്നിന്റെ വക്താവ് പറഞ്ഞു. കൊറിയകള്‍ക്കിടയില്‍ സമാധാനത്തിന്റെ പാലമിട്ട് വെള്ളിയാഴ്ച കിമ്മും ഇന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ആണവ പരീക്ഷണകേന്ദ്രം മേയ് മാസത്തില്‍ അടച്ചുപൂട്ടും. അടച്ചുപൂട്ടുന്നതു പരസ്യ ചടങ്ങായിരിക്കുമെന്നും ദക്ഷിണ കൊറിയയില്‍നിന്നും യുഎസില്‍നിന്നുമുള്ള വിദേശ വിദഗ്ധരെ ആ ചടങ്ങിലേക്കു സ്വാഗതം ചെയ്യുമെന്നും വക്താവ് വ്യക്തമാക്കി. മാത്രമല്ല, നിലവില്‍ ദക്ഷിണ കൊറിയയുടെ ടൈം സോണിനെ അപേക്ഷിച്ച് അരമണിക്കൂര്‍ വ്യത്യാസത്തിലാണ് ഉത്തര കൊറിയയുടെ ടൈം സോണ്‍. ഇതു ദക്ഷിണ കൊറിയയുടേതിനു സമാനമാക്കുമെന്നും ഉത്തര കൊറിയ അറിയിച്ചതായും വക്താവു വ്യക്തമാക്കി.
അതിനിടെ, കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവവിമുക്തമാക്കാന്‍ അടുത്ത മൂന്ന് നാല് ആഴ്ചയ്ക്കകം ഉത്തര കൊറിയന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അറിയിച്ചു. മിഷിഗണില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

SHARE