‘ഞങ്ങള്‍ക്ക് മരിക്കാന്‍ അനുമതി നല്‍കണം’ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്തയച്ച് ഗുജറാത്തിലെ 5000ത്തോളം കര്‍ഷകര്‍

അഹമ്മദാബാദ്: തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കും കത്തയച്ച് ഗുജറാത്തിലെ 5000 ത്തോളം വരുന്ന കര്‍ഷകര്‍. 12 ഗ്രാമങ്ങളിലെ കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട 5259 പേരാണ് മരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചത്.

തങ്ങള്‍ കൃഷി ചെയ്യുന്ന കൃഷിപ്പാടങ്ങളും ജീവിച്ച മണ്ണും പിടിച്ചെടുത്ത സംസ്ഥാന സര്‍ക്കാരിന്റെയും ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍(ജി.പി.സി.എല്‍)ലിമിറ്റഡിന്റേയും നടപടിക്കെതിരെയാണ് സമരം. കര്‍ഷകനും കര്‍ഷകരുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഗുജറാത്ത് കേദജ് സമാജ് സംഘടന അംഗവുമായ നരേന്ദ്ര സിങ് ഗോഹില്‍ പറയുന്നു.

മരിക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുജറാത്ത് മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ 5000ത്തിലേറെ വരുന്ന കര്‍ഷകരും കുടുംബങ്ങളും ഒപ്പുവെച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

മരണാനുമതി തേടിയുള്ള കത്തുകള്‍ കര്‍ഷകര്‍ കളക്ടേറ്റിലേക്കും അയച്ചിരുന്നതായി ഭവന്‍നഗര്‍ കളക്ടര്‍ ഹര്‍ഷാദ് പട്ടേലും പറഞ്ഞു. എന്നാല്‍ എത്ര കര്‍ഷകര്‍ ഒപ്പിട്ട കത്താണ് അയച്ചതെന്ന് കളക്ടര്‍ വ്യക്തമാക്കിയില്ല.

സംസ്ഥാന സര്‍ക്കാരും ജി.പി.സി.എല്ലും പൊലീസ് സേനയെ ഉപയോഗിച്ച് തങ്ങളെ തങ്ങളുടെ ഭൂമിയില്‍ നിന്നും ഇറക്കിവിട്ടെന്നും വര്‍ഷങ്ങളായി ജീവിച്ചുപോന്നിരുന്ന ഭൂമി വിട്ടുകൊടുത്തതോടെ പിന്നെ ജീവിക്കാന്‍ ഇടമില്ലാതായെന്നും മരണമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും കര്‍ഷകര്‍ കത്തില്‍ പറയുന്നു.

വൈദ്യുതി വിഭാഗം ഏറ്റെടുത്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജി.പി.സി.എല്‍ ഭൂമിയില്‍ അവകാശവാദവുമായി എത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും കര്‍ഷകര്‍ കത്തില്‍ പറയുന്നു.

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം, ഒരു കമ്പനിക്ക് അഞ്ചു വര്‍ഷം മുന്‍പ് ഏറ്റെടുത്തിട്ടുള്ള ഭൂമി കൈവശപ്പെടുത്താന്‍ അധികാരമില്ലെന്നും ഗോഹ് ലി ആരോപിച്ചു. ജി.പി.സി.എല്ലും ഗുജറാത്ത് സര്‍ക്കാരും ഞങ്ങളുടെ ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കര്‍ഷകര്‍ക്ക് മാത്രമാണ് ഈ ഭൂമിയില്‍ അവകാശമുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? ഈ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ മരിക്കുന്നതാണ് നല്ലത്- കത്തില്‍ കര്‍ഷകര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular