ഇതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ, ആര്യ ആരേയും കല്യാണം കഴിക്കില്ല:വെളിപ്പെടുത്തലുമായി സുസാന്ന

തുടക്കം മുതല്‍ അവസാനം വരെ വിവാദത്തില്‍ ആറാടിയ റിയാലിറ്റി ഷോ ആയിരുന്നു എങ്ക വീട്ടു മാപ്പിളൈ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു ഇത്. പതിനാറു മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ മൂന്നു പേരാണു ഫെനലില്‍ എത്തിയത്.

മലയാളിയായ അഗത, സീതാലക്ഷ്മി, കാനഡയില്‍ താമസമാക്കിയ ശ്രീലങ്കന്‍ സ്വദേശി സൂസാന്ന എന്നിവരായിരുന്നു അവസാന റൗണ്ടിലെത്തിയത്. ഇവരില്‍ ആരെ ആര്യ വിവാഹം കഴിക്കും എന്ന സസ്പെന്‍സ് നിലനിര്‍ത്തി അവസാന നിമിഷം ആര്യ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒരാളെ താന്‍ തിരഞ്ഞെടുത്താല്‍ അത് മറ്റു രണ്ടുപേരെയും അവരുടെ കുടുംബങ്ങളേയും വേദനിപ്പിക്കേണ്ടി വരുമെന്നും അതിനാല്‍ തനിക്ക് അല്‍പം സമയം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷോ അവസാനിച്ചത്.

ആര്യയുടെ തീരുമാനം വലിയ വിവാദമായതോടെ ആര്യയെ പിന്തുണച്ച് സീതാ ലക്ഷ്മിയും അഗതയും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഷോ കഴിഞ്ഞയുടന്‍ ആര്യ കല്യാണം കഴിക്കുമെന്ന് ഏറ്റവും സാധ്യത കല്‍പ്പിച്ച സുസാന്ന കാനഡയിലേക്ക് തിരികെ പോകുകയും ചെയ്തു. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് സുസാന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ലൈവ് വീഡിയോയിലൂടെയാണ് സുസാന്ന രംഗത്തെത്തിയത്. ആര്യയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു മറുപടി. ആര്യയെ ഇനി കാണുമോ എന്ന ചോദ്യത്തിനും ഇല്ല എന്ന് മറുപടി സുസാന്ന നല്‍കി. ആരാധകരുടെ ചോദ്യത്തിന് പരിപാടി മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയിലൂടെയാണ് നടത്തിയതെന്നും സൂസാന്ന വെളിപ്പെടുത്തല്‍ നടത്തി. ഇതു വലിയ ചര്‍ച്ച ആയതോടെ സൂസാന്ന വീഡിയോ തന്റെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സുസാന്ന വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.

SHARE