കാബൂളില്‍ സ്‌ഫോടനം: 31 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 31 പേര്‍ മരിച്ചു. 54 പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഏറ്റെടുത്തു. ഈ വര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് അഷ്‌റഫ് ഗനിക്കുള്ള തിരിച്ചടിയായാണ് ആക്രമത്തെ വിലയിരുത്തുന്നത്.
ഒക്ടോബറില്‍ നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടി ഞായറാഴ്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെയാണു സ്‌ഫോടനമുണ്ടായത്. സമീപത്തുണ്ടായിരുന്ന കാറുകളും കെട്ടിടങ്ങളും തകര്‍ന്നു. ജനുവരിയില്‍ ആംബുലന്‍സ് ബോംബ് പൊട്ടിത്തെറിച്ചു 100 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം കാബുളിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങാനായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിപേര്‍ പ്രദേശത്തു തടിച്ചുകൂടിയിരുന്നു. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പാര്‍ലമെന്റ്, ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. രാജ്യാന്തര തലത്തിലെ സമ്മര്‍ദം ഏറിവന്ന സാഹചര്യത്തിലാണു തിരഞ്ഞെടുപ്പു സംഘടിപ്പിക്കാന്‍ അഫ്ഗാന്‍ ഒരുങ്ങുന്നത്. ഈ മാസം ആദ്യം മുതല്‍ തന്നെ റജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും പലയിടത്തും കനത്ത ഭീഷണിയാണ് ഉദ്യോഗസ്ഥര്‍ക്കു നേരിടേണ്ടിവരുന്നത്. അതേസമയം വടക്കന്‍ നഗരമായ പുല്‍ ഇകുമ്‌രിയിലെ വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററിനു സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ ആറു പേരും കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്‌ഫോടനങ്ങളും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണു വിവരം

Similar Articles

Comments

Advertismentspot_img

Most Popular