യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ല,രാഷ്ട്രീയപ്രമേയത്തിന്റെ കരട് പരിഷ്‌കരണമാണ് നടന്നിരിക്കുന്നതെന്ന് ബൃന്ദ കാരാട്ട്

ഹൈദരബാദ്: തോല്‍വി സമ്മതിക്കാതെ കാരാട്ട് പക്ഷം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കി രാഷ്ട്രീയപ്രമേയത്തിന്റെ കരട് പരിഷ്‌കരിച്ചതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സിപിഐഎമ്മില്‍ ഭിന്നത ഉണ്ടെന്ന പ്രചരണം മാധ്യമ സൃഷ്ടി മാത്രമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും ബൃന്ദ വ്യക്തമാക്കിയിരുന്നു. ബിജെപിയെ തറപറ്റിക്കാന്‍ ചില നീക്കുപോക്കുകള്‍ ആവശ്യമാണ്. അതിന്റെ അര്‍ത്ഥം ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുമെന്നല്ല. പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം സാഹചര്യങ്ങള്‍ അനുസരിച്ച് സംസ്ഥാന ഘടകങ്ങള്‍ തീരുമാനിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു.

ഹൈദരാബാദില്‍ നടന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍, കോണ്‍ഗ്രസുമായി ധാരണയാകാം, പക്ഷേ രാഷ്ട്രീയസഖ്യം പാടില്ല എന്ന തരത്തില്‍ രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികയില്‍ മാറ്റം വരുത്തിയിരുന്നു. കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്നായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കേരള ഘടകത്തിന്റെ പിടിവാശിയും ഇതായിരുന്നു. രാഷ്ട്രീയ പ്രമേയത്തില്‍ 16 സംസ്ഥാനങ്ങള്‍ രഹസ്യവോട്ട് ആവശ്യപ്പെട്ടത് കാരാട്ട് പക്ഷത്തിന് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കും അംഗീകരിക്കാവുന്ന വഴിതേടി ഭിന്നത ഒഴിവാക്കുകയായിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ആര്‍ക്കും ജയമോ തോല്‍വിയോ ഉണ്ടായിട്ടില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഭിന്നതകളില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular