ആര്യ കാണിച്ചത് കൊടും ചതി; പ്രേക്ഷകരെ വിഢികളാക്കിയ ആര്യയ്ക്കെതിരെയും ചാനലിനെതിരെയും വന്‍ പ്രതിഷേധം,

ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ഫിനാലെ കഴിഞ്ഞതോടെ താരത്തിനെതിരെയും ചാനലിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ഗ്രാന്‍ ഫിനാലെ വലിയ ആകാംഷയോടെയാണ് ഏവരും കാത്തിരുന്നത്. എന്നാല്‍ അവസാനം പ്രേക്ഷകരെ തന്നെ ആര്യ പറ്റിച്ചു. പതിനാറുപേരുമായി തുടങ്ങിയ എങ്ക വീട്ടു മാപ്പിളൈ മത്സരാര്‍ത്ഥികളില്‍ സൂസന്ന, അഗത, മലയാളിയായ സീതാലക്ഷ്മി എന്ന മൂന്നു പേരാണ് അവസാന ഘട്ടത്തിലുണ്ടിയിരുന്നത്. എന്നാല്‍ ഇവരിലാരെയെങ്കിലും ഒരാളെ താന്‍ തിരഞ്ഞെടുക്കുകയും വിവാഹം കഴിക്കുകയുമാണെങ്കില്‍ അത് ബാക്കി നില്‍ക്കുന്ന മറ്റു രണ്ടുപേര്‍ക്ക് വലിയ മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതിനാല്‍ അത്തരത്തിലൊരു തീരുമാനം എടുക്കാന്‍ തനിക്ക് സാധിക്കുകയില്ലെന്നാണ് ആര്യ ഷോയുടെ അവസാനം പറഞ്ഞത്.

‘ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റു രണ്ടു പേര്‍ വേദനിക്കും. അതുപോലെ തന്നെ അവരുടെ കുടുംബവും. ഈ മൂന്നു പേരുടെ മാതാപിതാക്കളും തങ്ങളുടെ മക്കള്‍ വിവാഹിതരാകുന്നത് കാണാനാണ് വന്നിരിക്കുന്നത്. സംഗീത്, മെഹന്ദി അങ്ങനെ വിവാഹ സംബന്ധമായ എല്ലാ ചടങ്ങുകളും നടന്ന ഈ വേദിയില്‍ ഞാന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റു രണ്ടു പേരുടെ കുടുംബങ്ങള്‍ വല്ലാതെ വേദനിക്കും. അതിനാല്‍ ഒരാളെ തിരഞ്ഞെടുത്ത് മറ്റ് രണ്ടു പേരെയും അവരുടെ കുടുംബങ്ങളേയും വേദനിപ്പിക്കാന്‍ എനിക്കാകില്ല.

തുടക്കത്തില്‍ ഇത് വളരെ എളുപ്പമാണ് ഒരാളെ തിരഞ്ഞെടുക്കാനാകും എന്ന് തന്നെ കരുതിയാണ് ഞാന്‍ ഈ ഷോയ്ക്ക് വന്നത്. എന്നാല്‍ ഒരാളെ തിരഞ്ഞെടുത്ത് മറ്റു രണ്ടു പേരെ വേദനിപ്പിക്കാന്‍ എനിക്കാകില്ല. മൂന്നു പേരെയും ഞാന്‍ ഒരുപോലെ സ്‌നേഹിക്കുന്നു. അത് അവര്‍ മൂന്നു പേര്‍ക്കും അറിയുകയും ചെയ്യാം . ഭാവിയില്‍ ഒരുപക്ഷെ ഞാന്‍ ഇവരില്‍ ആരെയെങ്കിലും തിരഞ്ഞെടുത്തു എന്ന് വരാം. എന്നാല്‍ ഇപ്പോള്‍ ഇത് അതിനുള്ള വേദിയല്ല.’- ആര്യ പറഞ്ഞു

ഇതോടെ സോഷ്യല്‍മീഡിയയില്‍ ആര്യയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. റേറ്റിംഗിനു വേണ്ടി ജനങ്ങളെ വിഢികളാക്കിയ കളേഴ്സ് തമിഴ് ചാനലിനും രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ഷോയുടെ ഭാഗമായി പെണ്ണുകാണാന്‍ ഷോയിലെ അഞ്ചു പെണ്‍കുട്ടികളുടെ വീട്ടില്‍ ആര്യ പോയിരുന്നു. കുംഭകോണത്തെ മത്സരാര്‍ഥിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ താരത്തെ വനിതാസംഘടകള്‍ വഴി തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു

പെണ്‍കുട്ടികളുടെ മാതാപിതാക്കളെ മാത്രമല്ല അവരുടെ സുഹൃത്തുക്കളെയും മറ്റു കുടുംബാംഗങ്ങളെയും നേരിട്ട് കാണുകയും ചെയ്തു. ഇതില്‍ നിന്നെല്ലാം കിട്ടുന്ന വിവരങ്ങളില്‍ നിന്നുമാണ് ആര്യ അവസാന മൂന്നുപേരെ തിരഞ്ഞെടുത്തത്. മല്ലിക ഷെരാവത്തിനെ പ്രധാന കഥാപാത്രമാക്കി എങ്ക വീട്ടു മാപ്പിളയ്ക്ക് സമാനമായ ഒരു ഹിന്ദി ഷോയും മുമ്പ് പുറത്തുവന്നിട്ടുണ്ട്. ദ ബാച്ചിലറൈറ്റ് ഇന്ത്യ; മേരെ ഖായലോണ്‍ കി മല്ലിക എന്ന ഈ ഷോയില്‍ വിവാഹവാഗ്ദാനമൊന്നും ആര്‍ക്കും നല്‍കിയിരുന്നില്ലെന്ന് മല്ലിക തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.

മത്സരാര്‍ഥികളും ഷോയുടെ നടത്തിപ്പുകാരും തമ്മിലുള്ള ഒരു കരാറാണ് ഇത്തരം സത്യങ്ങള്‍ പുറത്താരോടും വെളിപ്പെടുത്തുകയില്ല എന്നത്. ഒരു പക്ഷേ ഇതു തന്നെയാവണം അബര്‍നദിക്ക് ആരാധകരോട് വെളിപ്പെടുത്താനുള്ളതും. എന്തായാലും കാഴ്ച്ചക്കാരെ പറ്റിക്കുന്നതാണ് എങ്ക വീട്ടു മാപ്പിളയെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയര്‍ന്നു വരുന്നുണ്ട്.

SHARE