സെക്‌സ് ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത്….

ലൈംഗികത ഉപേക്ഷിച്ചാല്‍ ആരോഗ്യവും കുറയും. കാരണം ആരോഗ്യകരമായ ഒരു ബന്ധത്തില്‍ ലൈംഗികത വളരെ പ്രധാനമാണ്. ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
എന്തുകൊണ്ടാണ്, എങ്ങനെയെല്ലാമാണ് ലൈംഗികത ആരോഗ്യമേകുന്നത് എന്നറിയേണ്ടേ ? ഇതാ പത്തു കാരണങ്ങള്‍.

സമ്മര്‍ദം അകറ്റുന്നു

നമ്മള്‍ സമ്മര്‍ദത്തിലായിരിക്കുമ്പോള്‍ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുകയേയില്ല. എന്നാല്‍ ഏറ്റവും നല്ല സ്‌ട്രെസ് റിലീവര്‍ ലൈംഗികത ആണെന്നറിയുമോ? ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ എല്ലാ ‘ഫീല്‍ ഗുഡ് കെമിക്കല്‍സും’ തലച്ചോറിലെത്തുന്നു. ഇതേ സമയം സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നു. ലൈംഗികതയുടെ സമയത്ത് രതിമൂര്‍ച്ഛയ്ക്കു ശേഷം ഡോപാമിന്‍, എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ എല്ലാം റിലീസ് ചെയ്യപ്പെടുന്നു. ഡോപാമിന്‍ തലച്ചോറിനെ ഉണര്‍വുള്ളതാക്കുന്നു. എന്‍ഡോര്‍ഫിന്‍ സമ്മര്‍ദവും വേദനയും അകറ്റുന്നു.

മനോനില മെച്ചപ്പെടുത്തുന്നു

30,000 അമേരിക്കക്കാരായ സ്ത്രീ പുരുഷന്മാരില്‍ നടത്തിയ ഒരു പഠനത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സന്തുഷ്ടരായിരിക്കുമെന്നു കണ്ടു.

ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ് സൗഖ്യവും സന്തോഷവും ഏകുന്നത്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ കൂടി കൈ ചേര്‍ത്തു പിടിക്കുക, കെട്ടിപ്പിടിക്കുക, ചുംബിക്കുക ഇവയെല്ലാം തന്നെ സന്തോഷമേകുമെന്ന് മുതിര്‍ന്ന വ്യക്തികളില്‍ നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ദമ്പതികള്‍ക്കിടയിലെ ലൈംഗികത മാനസികാരോഗ്യമേകും.

ഉറക്കം

ലൈംഗികബന്ധത്തിനു ശേഷം സുഖകരമായ ഉറക്കം ലഭിക്കും. കാരണം പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ആണ്. സ്വയംഭോഗം ചെയ്യുമ്പോള്‍ ഉണ്ടാകുന്നതിലും 400 മടങ്ങ് അധികം പ്രൊലാക്ടിന്‍ സ്ത്രീ പുരുഷ ലൈംഗികതയില്‍ ഉണ്ടാകുന്നുണ്ട്. ഉറക്കമില്ലായ്മയും ലൈംഗിക സംതൃപ്തിയും തമ്മിലും ബന്ധമുണ്ട്. എട്ടു മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന 50 നും 79 നും ഇടയില്‍ പ്രായമുള്ള 10,000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ അവര്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നതു വിരളമാണെന്നു കണ്ടു.

രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും

പതിവായ ലൈംഗികത രോഗങ്ങളെ അകറ്റും. ഇമ്മ്യൂണോഗ്ലോബുലിന്റെ അളവ് കൂടാന്‍ ലൈംഗികത സഹായിക്കും. ഇത് രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും.

പ്രോസ്റ്റേറ്റ് അര്‍ബുദസാധ്യത കുറയ്ക്കും

പുരുഷന്മാരില്‍ സ്ഖലനം പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കും 40 നും 75 നും ഇടയില്‍ പ്രായമുള്ള 50,000 പേരില്‍ നടത്തിയ പഠനം ഒരു ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ചു. ഒരു മാസം ഇരുപത്തൊന്നോ അതിലധികമോ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് അര്‍ബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഈ പഠനത്തില്‍ കണ്ടു.

ഹൃദയാരോഗ്യമേകുന്നു

ആഴ്ചയില്‍ രണ്ടു തവണ എങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരെക്കാള്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറവാണെന്ന് ന്യൂ ഇംഗ്ലണ്ട് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു. 1987 ല്‍ തുടങ്ങി 17 വര്‍ഷം നീണ്ട ഈ പഠനം 40 മുതല്‍ 70 വയസ്സുവരെ പ്രായമുള്ള ആയിരം പുരുഷന്മാരിലാണ് നടത്തിയത്.

സ്ത്രീകള്‍ക്കും ലൈംഗികത ഹൃദയാരോഗ്യം നല്‍കും. കൂടാതെ രക്താതിമര്‍ദം വരാനുള്ള സാധ്യതയും കുറയും. സ്ത്രീകളുടെ ലൈംഗിക സംതൃപ്തി എന്നത് രതിമൂര്‍ഛ മാത്രമല്ല. ചുംബനവും സ്‌നേഹപ്രകടനവും എല്ലാം അവള്‍ക്ക് വൈകാരികവും ശാരീരികവുമായ സൗഖ്യമേകും.

അടുപ്പം കൂട്ടുന്നു

ജീവിതത്തില്‍ സ്‌നേഹം എത്ര വേണമോ പങ്കാളിയുമൊത്ത് അത്രയും ലൈംഗികബന്ധവും ആകാം. ലൈംഗികത പങ്കാളിയുമായുള്ള അടുപ്പം കൂട്ടുന്നു. ലൈംഗികബന്ധത്തിനു ശേഷം പങ്കാളിയോടു തോന്നുന്ന അടുപ്പം ആഴ്ചകളോളം നിലനില്‍ക്കും. ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ലെങ്കിലും പരസ്പരമുള്ള സ്‌നേഹ പ്രകടനങ്ങള്‍, ബന്ധം ഊഷ്മളമാക്കും.

ഓര്‍മശക്തി മെച്ചപ്പെടുത്തുന്നു

വാര്‍ധക്യത്തിലും ലൈംഗിക ജീവിതം ആക്ടീവ് ആകുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമത്രേ. 50 നും 89 നും ഇടയില്‍ പ്രായമുള്ള സെക്ഷ്വലി ആക്ടീവായ പുരുഷന്മാര്‍ക്ക് ബൗദ്ധിക പ്രവര്‍ത്തനം മെച്ചപ്പെട്ടതായി ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. വാര്‍ധക്യത്തിലും സ്‌നേഹബന്ധം പുലര്‍ത്തുന്നത് ബുദ്ധി, ഓര്‍മശക്തി ഇവയ്ക്ക് ഏറെ നല്ലത്.

വേദനകള്‍ക്ക് പരിഹാരം

ആര്‍ത്തവ സംബന്ധമായ വേദന, ഗുരുതരമായ നടുവേദന, കാല്‍വേദന എന്തിനേറെ മൈഗ്രേന്‍ പോലും കുറയ്ക്കാന്‍ ലൈംഗികതയ്ക്ക് ആവും. യോനിയിലുണ്ടാകുന്ന ഉത്തേജനം വേദനകളെ 40 ശതമാനത്തോളം കുറയ്ക്കും. രതിമൂര്‍ച്ഛയിലെത്തുമ്പോഴേക്കും വേദന 75 ശതമാനവും കുറയ്ക്കാന്‍ സഹായിക്കും എന്നാണ് ലൈംഗിക ഗവേഷകര്‍ പറയുന്നത്.

ലൈംഗികതയുടെ സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് ഇതിനു പിന്നില്‍, എന്‍ഡോര്‍ഫിന്‍ വേദനയും സമ്മര്‍ദവും അകറ്റും. അമ്മയും കുഞ്ഞുമായുള്ള ബന്ധത്തിനു പിന്നില്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഇതിന് വേദന കുറയ്ക്കാനുള്ള കഴിവുണ്ട്.

ലൈംഗികത എന്ന വ്യായാമം

നിങ്ങള്‍ ചെറുപ്പക്കാരനും ആരോഗ്യവാനും ആണെങ്കില്‍ അരമണിക്കൂര്‍ ലൈംഗികതയ്ക്കായി ചെലവിടുന്നത് ഒരു പരിധി വരെ വ്യായാമം തന്നെയാണ്. അരമണിക്കൂര്‍ ലൈംഗികബന്ധം 85 കാലറി കത്തിച്ചു കളയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മണിക്കൂറില്‍ 4.5 കിലോ മീറ്റര്‍ നടക്കുന്നതിനും 8 കി. മീറ്റര്‍ ജോഗിങ് ചെയ്യുന്നതിനും തുല്യമാണത്രേ ലൈംഗികബന്ധം.

പേശികള്‍ക്കും സന്ധികള്‍ക്കും ഇത് ഒരു വ്യായാമം ആണ്. ലൈംഗികത ശ്വസനം കൂട്ടുന്നു. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം ഇവ നിയന്ത്രിക്കുന്നു. ആരോഗ്യവാന്മാരായ സ്ത്രീ പുരുഷന്മാര്‍ക്ക് ഊര്‍ജ്ജദായകമാണ് ലൈംഗികത.

SHARE