ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയക്കാന്‍ അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

കൊച്ചി : പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതിനു പ്രത്യേക മെഡിക്കല്‍ ബോഡ് രൂപീകരിച്ചു. അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് രൂപീകരിച്ചിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ചു പ്രത്യേകാന്വേഷണ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു കത്തു നല്‍കിയതിനെത്തുടര്‍ന്നാണിത്. ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരുക്കുകളും വിശകലനം ചെയ്യാന്‍ വിവിധ വിഭാഗങ്ങളില്‍ വിദഗ്ധരായ അഞ്ചു ഡോക്ടര്‍മാരടങ്ങുന്ന ബോര്‍ഡ് രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. ശ്രീജിത്തിന്റെ അടിവയറ്റില്‍ കനത്ത ക്ഷതമേറ്റുവെന്നും ജനനേന്ദ്രിയത്തില്‍ രക്തം കട്ടിപിടിക്കുന്ന രീതിയിലുള്ള പരുക്കേറ്റുവെന്നും ചെറുകുടല്‍ മുറിഞ്ഞുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ മരണ കാരണമായ പരുക്കേതെന്നതാണു മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആദ്യം അറിയേണ്ടത്. ഈ പരുക്കു സംഭവിച്ച സമയം, ഇതിന് ആധാരമായ മര്‍ദനം എന്നിവയും അറിയേണ്ടതുണ്ട്. പൊലീസിന്റെ മര്‍ദനമേറ്റാണു ശ്രീജിത്ത് മരിച്ചതെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. പരുക്കുകളുടെ വിശകലനത്തിലൂടെ മാത്രമേ, ഏതു വിധത്തില്‍, ആരുടെ മര്‍ദനമേറ്റാണു മരണമെന്നു വ്യക്തമാവൂ.

Similar Articles

Comments

Advertismentspot_img

Most Popular