സാവിത്രി ആകാന്‍ കീര്‍ത്തി സുരേഷിനുവേണ്ടി 100 പേര്‍ സാരി നെയ്തത് ഒന്നരവര്‍ഷം

സാവിത്രി ആകാന്‍ കീര്‍ത്തി സുരേഷിനുവേണ്ടി 100 പേര്‍ സാരി നെയ്തത് ഒന്നരവര്‍ഷം. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന തമിഴ് ചിത്രം മഹാനടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ നായികയാകുന്നത് മലയാളി കൂടിയായ കീര്‍ത്തി സുരേഷ് ആണ്. ചിത്രത്തില്‍ ജമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും.
ഒരു കാലത്ത് തമിഴ് സിനിമയുടെ രോമാഞ്ചമായിരുന്ന സാവിത്രിയെ സ്‌ക്രീനില്‍ പുനരവതരിപ്പിക്കുമ്പോള്‍ പിഴവുപറ്റാതിരിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സാവിത്രി ആയി സ്‌ക്രീനിലെത്തുന്ന കീര്‍ത്തി സുരേഷിനായി വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത് ഇന്ദ്രാണി പട്നായിക്കാണ്. ടെക്സ്റ്റൈല്‍ ഡിസൈനര്‍ ഗൗരംഗുമായി കൂടിയാലോചന നടത്തിയശേഷമാണ് പട്നായിക്ക് കീര്‍ത്തിക്കുവേണ്ടിയുള്ള സാരികള്‍ ഒരുക്കിയത്. 100 നെയ്ത്തുകാര്‍ ഒന്നര വര്‍ഷക്കാലം കൊണ്ടാണ് ചിത്രത്തില്‍ കീര്‍ത്തി ഉപയോഗിക്കുന്ന സാരികള്‍ നെയ്തെടുത്തതെന്നും പട്നായിക്ക് പറഞ്ഞു.

ചിത്രത്തില്‍ കീര്‍ത്തിയുടെ കഥാപാത്രം ധരിക്കുന്ന സാരികള്‍ ഒരുക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ശരിയായ തുണിയും നെയ്ത്തും ഡിസൈനും നിറങ്ങളും തിരഞ്ഞെടുക്കാന്‍ വേണ്ടി മാസങ്ങള്‍ നീണ്ട കൂടിയാലോചന തന്നെ വേണ്ടിവന്നു. നെയ്ത്തു തടസ്സപ്പെടാതിരിക്കാന്‍ നൂറ് പേര്‍ അഹോരാത്രിം ജോലി ചെയ്യുകയായിരുന്നു. വസ്ത്രം കണ്ടെത്തുന്നത് മുതല്‍ അവസാന ഷോട്ട് വരെ ഏതാണ്ട് ഒന്നര വര്‍ഷം സമയമെടുത്തു ഈ പ്രക്രിയ പൂര്‍ത്തിയാവാന്‍-പട്നായിക്ക് ഒരു വിനോദ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മംഗള്‍ഗിരി, കോട്ട, കൈത്തറി, ഷിഫോണ്‍ തുടങ്ങിയ എല്ലാ തരം സാരികളും സാവിത്രിയുടെ കഥാപാത്രത്തിനുവേണ്ടി ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും സാവിത്രയുടെ ജീവിതം നന്നായി പഠിച്ചുമാണ് ഓരോ സാരിയും തയ്യാറാക്കിയത്-പട്നായിക്ക് പറഞ്ഞു.

SHARE