നോട്ടു ക്ഷാമം താല്‍കാലികം; എടിഎമ്മികളില്‍ ഉടന്‍ പണം എത്തുമെന്ന് അരുണ്‍ ജയറ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തു ചിലയിടത്തുണ്ടായ കറന്‍സി ക്ഷാമം താല്‍കാലികമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. ചില സ്ഥലങ്ങൡ എടിഎമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണു ജയ്റ്റ്‌ലി സമൂഹമാധ്യമമായ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ‘രാജ്യത്തെ കറന്‍സി ലഭ്യത വിലയിരുത്തിയിട്ടുണ്ട്. ആവശ്യത്തിലേറെ കറന്‍സി പ്രചാരത്തിലുണ്ട്. ബാങ്കുകളിലും നോട്ടുകള്‍ ലഭ്യമാണ്. ചില ഭാഗങ്ങളില്‍ ‘പെട്ടെന്നും അസാധാരണവുമായി കറന്‍സി ആവശ്യം വര്‍ധിച്ചതാണ്’ നിലവിലെ പ്രശ്‌നത്തിനു കാരണം. അതു താല്‍ക്കാലിക ക്ഷാമമാണ്, ഉടന്‍ പരിഹരിക്കും’ മന്ത്രി ട്വീറ്റ് ചെയ്തു.
നിലവില്‍ 85% എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, വടക്കന്‍ ബിഹാറിലെ ചില മേഖലകള്‍ എന്നിവിടങ്ങളിലാണ് ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. ഏഴു മുതല്‍ 10 ദിവസത്തിനിടയില്‍ 500 രൂപയുടെ നോട്ടുകളുടെ പ്രചാരം രാജ്യത്തു വര്‍ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം, നോട്ടുക്ഷാമം സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച ധനമന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പണം കുറവുള്ള ബാങ്കുകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പണം കൂടുതലുള്ള മറ്റു ബാങ്കുകള്‍ക്കു ആര്‍ബിഐ നിര്‍ദേശവും നല്‍കി. അതേസമയം, എടിഎം വഴിയുള്ള ഇടപാടുകളും വര്‍ധിച്ചിട്ടുണ്ട്. നേരത്തേ, ശരാശരി 3000 രൂപയുടെ ഇടപാടുകള്‍ നടന്നിരുന്നത് ഇപ്പോള്‍ 5000 രൂപയുടെ ഇടപാടായി വര്‍ധിച്ചെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിച്ചു.

SHARE