യുഎസില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി

വാഷിങ്ടന്‍: യുഎസില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (ഒന്‍പത്), സിദ്ധാന്ത് (12) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. മുങ്ങിപ്പോയ കാറും കണ്ടെടുത്തു.
ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോര്‍ട്‌ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെയാണ് അപകടം. റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവരുടെ കാര്‍ വീഴുകയായിരുന്നു. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.
സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്താണു കണ്ടത്. കുട്ടികളെ രക്ഷിക്കാന്‍ പിന്നോട്ടിറങ്ങിയതാണെന്നു കരുതുന്നു. കാറിന്റെ വിന്‍ഡോ തകര്‍ന്നിരുന്നു. കാര്‍ നദിയിലേക്കു വീഴുന്നതു കണ്ട ദൃക്‌സാക്ഷിയാണു പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. അപകടസ്ഥലത്തുനിന്ന് അര മൈല്‍ അകലെ നാലടിയിലേറെ താഴ്ചയില്‍ ചെളി കയറി മുങ്ങിക്കിടക്കുകയായിരുന്നു കാര്‍.
സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങള്‍ കാറില്‍ നിന്നു കണ്ടെടുത്തു മോര്‍ച്ചറിയിലേക്കു മാറ്റി. അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു മൈല്‍ അകലെനിന്നു സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. കനത്ത മഴ തുടരുന്നതിനാലാണ് തിരച്ചില്‍ ശ്രമകരമായി മാറിയത്.

Similar Articles

Comments

Advertismentspot_img

Most Popular