‘രാവിലെ അവര്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെ കിടക്കാന്‍ ക്ഷണിക്കും’,വെളിപ്പെടുത്തലുമായി നടിമാര്‍

തെലുങ്ക് സിനിമയില്‍ നടക്കുന്ന ലൈംഗിക അതിക്രമണത്തിനെതിരേ നടി ശ്രീറെഡ്ഡിയുടെ പോരാട്ടം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെതിരേ നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. പ്രമുഖ താരങ്ങളെ കൂടാതെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ടോളിവുഡിലെ ചൂഷണങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്. ടോളിവുഡില്‍ ഇതുവരെ നേരിട്ടിട്ടുള്ള അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് 15 വനിത ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍.

‘തെലുങ്ക് സിനിമ മേഖലയിലെ സംവിധായകരില്‍ നിന്ന് ഒരു അവസരം കിട്ടാന്‍ ഞങ്ങള്‍ക്ക് എല്ലാം ചെയ്യേണ്ടി വരും. ലൈംഗിക താല്‍പ്പര്യങ്ങള്‍ സാധിപ്പിക്കുകയും കൂടുതല്‍ ഭംഗിയാവാന്‍ ശസ്ത്രക്രിയകള്‍ നടത്തുകയും ഞങ്ങളുടെ തൊലി നിറം മാറ്റാന്‍ വരെ തയാറാകും. എന്നാല്‍ അവരുടെ കൈയിലെ വെറും കളിപ്പാട്ടമായി നിലനില്‍ക്കാനെ സാധിക്കാറുള്ളൂ. ഇനിയും ഇതുപോലെ നിലനില്‍ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല’- ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വ്യക്തമാക്കി.

കാസ്റ്റിംഗ് കൗച്ചിനെതിരേ പൊതു നിരത്തില്‍ ശ്രീ റെഡ്ഡി തുണി ഉരിഞ്ഞതോടെയാണ് കൂടുതല്‍ പേര്‍ ചൂഷണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ചൂഷണങ്ങള്‍ക്കെതിരേ ഒരുമിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു. 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് ഇതില്‍ പങ്കെടുത്തത്. സ്‌ക്രീനില്‍ സെക്കന്റുകള്‍ മാത്രം കാണിക്കുന്നതിന് പകരമായി തങ്ങള്‍ ലൈംഗികമായി ചൂഷണത്തിന് ഇരയാവുകയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. പലപ്പോഴും അവസരങ്ങള്‍ പോലും ലഭിക്കാറില്ല.

‘അമ്മയുടേയും ആന്റിയുടേയും റോളുകളാണ് പലപ്പോഴും തനിക്ക് ലഭിക്കുന്നത്. രാവിലെ ഷൂട്ടിംഗ് സൈറ്റില്‍ എന്നെ അവര്‍ അമ്മ എന്നു വിളിക്കും രാത്രിയില്‍ കൂടെ കിടക്കാന്‍ ക്ഷണിക്കും.’ 10 വര്‍ഷമായി സിനിമ മേഖലയിലുള്ള സന്ധ്യാ നായിഡുവിന്റെ വാക്കുകളാണിത്. ഒരു റോളു കിട്ടാന്‍ സഹായിച്ചില്ലെ പിന്നെ കൂടെ കിടന്നാല്‍ എന്താണ് എന്ന രീതിയിലാണ് അവരുടെ പെരുമാറ്റം. ‘വാട്ട്സ്ആപ്പ് വന്നതോടെ വീട്ടിലെത്തിയാലും അവരുമായി ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും. അതില്‍ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത് ഞാന്‍ ഏത് വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നും അത് നിഴലടിക്കുന്നതാണോ എന്നുമായിരുന്നു.’ സന്ധ്യ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ അസിസ്റ്റന്റും ടെക്നീഷ്യന്‍സുമായി വര്‍ക് ചെയ്യുന്ന 17 വയസുള്ളവര്‍ പോലും ഇങ്ങനെയാണെന്നാണ് അവര്‍ പറയുന്നത്. ലൊക്കേഷനിലെ അവസ്ഥ ഇതിലും പരിതാപകരമാണ്. വസ്ത്രം മാറാനുള്ള സൗകര്യം പോലുമുണ്ടാകില്ല. പലപ്പോഴും പുറത്തുനിന്നാണ് വസ്ത്രം മാറേണ്ടി വരും. സ്റ്റാറുകളുടെ കാരവന്‍ വസ്ത്രം മാറുന്നതിനായി ഉപയോഗിക്കാന്‍ മാനേജര്‍ പറയും. ‘എന്നാല്‍ ഞങ്ങളെ അതിന് അനുവദിക്കില്ല. കീടങ്ങളായിട്ടാണ് ഞങ്ങളെ കാണുന്നത്. ക്രൂരമായിട്ടായിരിക്കും അവര്‍ സംസാരിക്കുക.’ മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സുനിത പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular