കോമണ്‍വെല്‍ത്ത് ഗെയിംസ് : വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സൈന നേവാള്‍ സ്വര്‍ണം നേടി

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ തന്നെ സൈന നേവാള്‍ ആണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍പിച്ചത്. ഈ ഒറ്റ മത്സരത്തിലൂടെ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ലഭിക്കുന്ന അപൂര്‍വതയും ഉണ്ടായി. ഇതുവരെ 26 സ്വര്‍ണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

റാങ്കിങ്ങില്‍ വളരെ മുന്നിലുള്ള സിന്ധുവിനെ അട്ടിമറിച്ചായിരുന്നു സൈനയുടെ വിജയം.ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് സൈന. മൂന്നാം സ്ഥാനത്താണ് പിവി സിന്ധു.

മികച്ച പോരാട്ടമായിരുന്നു ഇരുവരും ഫൈനലില്‍ കാഴ്ചവെച്ചത്. 21- 18 എന്ന സ്‌കോറിലായിരുന്നു ആദ്യ സെറ്റ് പൂര്‍ത്തിയാക്കിയത്. മികച്ച ഷോട്ടുകളം പ്ലേസ്മെന്റുമായി സൈനയുടെ കൈയ്യില്‍ തന്നെയായിരുന്നു ഭൂരിഭാഗം സമയവും കളി.23- 21 എന്ന സ്‌കോറില്‍ രണ്ടാമത്തെ സെറ്റും സൈന സ്വന്തമാക്കി വിജയം ഇറപ്പിക്കുകയായിരുന്നു.

ആദ്യ സെമിയില്‍ സ്‌കോട്ട് ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ അടിയറവ് പറയിച്ചായിരുന്നു സൈനയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു ഫൈനല്‍ ഉറപ്പിച്ചത്

Similar Articles

Comments

Advertismentspot_img

Most Popular