വിഷു ആഘോഷം ഗംഭീരമാക്കാന്‍ പ്രവാസി മലയാളികളും; ഓഫര്‍ പൂരവുമായി സൂപ്പര്‍മാര്‍ക്കറ്റുകളും

ദുബായ് : നാട്ടിലുള്ളവര്‍ മാത്രമല്ല, പ്രവാസി മലയാളികളും വിഷു ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കോടുതിരക്കാണ് അനുഭവപ്പെടുന്നത്. വാഴയിലയ്ക്കു മുതല്‍ മിക്‌സിക്കുവരെ വിലകുറച്ച് യുഎഇയിലെ കച്ചവട സ്ഥാപനങ്ങളും വിഷു ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

കണിവെള്ളരി, കുമ്പളം, മത്തന്‍, കാബേജ്, ചേന, കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങക്കാ തുടങ്ങിയ പച്ചക്കറികള്‍ക്കെല്ലാം വില കുറച്ചിട്ടുണ്ട്. കായ് വറുത്തതിനു മുതല്‍ കൊണ്ടാട്ടത്തിനു വരെയും വില കുറഞ്ഞു. അവിയല്‍ – സാമ്പാര്‍ റെഡി മിക്‌സിനും വിലക്കുറവുണ്ട്. കൂടാതെ വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ഓഫറുകളുമുണ്ട്. ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരു കിലോ ചേനയ്ക്കു വില 4.65 ദിര്‍ഹത്തില്‍നിന്ന് 1.75 ആയി കുറച്ചു. വിഷുദിവസമായ 15 വരെ വിലക്കുറവു ലഭ്യമാണ്. കാബേജിനു കിലോഗ്രാമിനു 3.25 ദിര്‍ഹമില്‍നിന്ന് 75 ഫില്‍സായി. സാമ്പാര്‍ – അവിയല്‍ മിക്‌സിനു പായ്ക്കറ്റിന് 6.65ല്‍നിന്നു 3.95 ആയി. വെള്ളരിക്ക് 2.95, കുമ്പളം 1.65, ബീറ്റ്‌റൂട്ട് 1.65, മത്തങ്ങ 75 ഫില്‍സ്, കാരറ്റ് 1.75 ദിര്‍ഹം എന്നിങ്ങനെയാണു കിലോഗ്രാമിനു വില.

കൂടാതെ, നെയ്യ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, തൈര് തുടങ്ങിയവയ്ക്കും വിഷു പ്രമാണിച്ചു വിലക്കുറവുണ്ട്. അബുദാബി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ശര്‍ക്കരവരട്ടി, ചിപ്‌സ് തുടങ്ങിയവയ്ക്കു വില കുറച്ചു. 150 ഗ്രാമിനു മൂന്നു ദിര്‍ഹത്തില്‍നിന്ന് 1.95 ആയി. പാലട 150 ഗ്രാമിനു 1.95, കശുവണ്ടി 200 ഗ്രാമിനു 9.25 ദിര്‍ഹം എന്നിങ്ങനെയാണു വില. കറിക്കൂട്ടുകള്‍ക്കും ഇവിടെ വിലക്കുറവുണ്ട്. തൂശനില ഒന്നിന് ഒരു ദിര്‍ഹമാണു വില. പടവലം കിലോഗ്രാമിന് 8.95 ദിര്‍ഹവും ചെറിയ ഉള്ളി കിലോഗ്രാമിന് 7.95 ദിര്‍ഹവും പച്ച മാങ്ങയ്ക്കു കിലോഗ്രാമിന് 8.95 ദിര്‍ഹവുമാണു വില. തുവര കിലോഗ്രാമിന് 7.95, നീളന്‍ പയറിന് 6.95 ദിര്‍ഹവുമായി വില കുറഞ്ഞു. അല്‍മായാ സൂപ്പര്‍ മാര്‍ക്കറ്റില്‍ വാഴയില, പഴം, തേങ്ങ, കൊത്തമര, ഉരുളക്കിഴങ്ങ് തുടങ്ങി ഒട്ടുമിക്ക ഉല്‍പന്നങ്ങള്‍ക്കും വിലക്കുറവുണ്ട്.

കാര്‍ഫോറില്‍ ഇന്നുവരെ കാബേജ്, തക്കാളി തുടങ്ങി പച്ചക്കറികള്‍ക്കു വില കുറച്ചിട്ടുണ്ട്. യൂണിയന്‍ കോഓപ്പറേറ്റീവില്‍ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്കും മറ്റും 30 മുതല്‍ 70 ശതമാനംവരെ വില കുറച്ചു. പ്രിന്റര്‍, ക്യാമറ, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങി മിക്ക ഉല്‍പന്നങ്ങള്‍ക്കും വിലക്കുറവുണ്ട്. ലൂലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രഷര്‍ കുക്കര്‍, ഗ്രൈന്‍ഡര്‍, മിക്‌സി, പാത്രങ്ങള്‍ തുടങ്ങിയവയ്ക്കും വിലകുറവുണ്ട്.

SHARE