യോഗി ആദിത്യനാഥിനെതിരെ ആര്‍.എസ്.എസ്

ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആര്‍എസ്എസ് രംഗത്ത്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഒഴിവാക്കുന്നില്ലെന്നാണ് വിമര്‍ശനം. രണ്ടംഗ ആര്‍എസ്എസ് പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. ഉപതെരഞ്ഞെടുപ്പ് തോല്‍വികളുടെ പൂര്‍ണ ഉത്തരവാദിത്തം യോഗി ആദിത്യനാഥിനാണ്. യോഗിയുടെ പ്രവര്‍ത്തനശൈലി ഏകപക്ഷീയമാണെന്ന് ഉപമുഖ്യമന്ത്രിമാരും ആരോപിച്ചു.

യോഗിയുടെ തീരുമാനങ്ങളില്‍ അതൃപ്തി പുകയുന്ന പശ്ചാത്തലത്തിലാണ് രണ്ട് മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ പ്രശ്‌നപരിഹാരത്തിനായി യുപിയിലെത്തിയത്. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നിച്ചുകൊണ്ടുപോകാന്‍ യോഗിക്ക് സാധിക്കുന്നില്ലെന്നുമാണ് ആര്‍എസ്എസിന്റെ പ്രധാന വിമര്‍ശനം.

ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ എന്നിവരുമായി ആര്‍എസ്എസ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. കൂടിയാലോചനകള്‍ ഇല്ലാതെ ഏകപക്ഷീയമായാണ് മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതെന്ന് ഉപമുഖ്യമന്ത്രിമാര്‍ വിമര്‍ശിച്ചു. കുറ്റവാളികളെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കുന്ന തീരുമാനം ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണെന്നും കേശവ് പ്രസാദ് മൗര്യ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

സംസ്ഥാന ബിജെപി നേതൃത്വത്തിനും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയുണ്ട്. ഗോരഖ്പൂരിലെ മഠം സ്ഥിതിചെയ്യുന്ന വാര്‍ഡും ലോക്‌സഭാ മണ്ഡലവും നഷ്ടമായതിന്റെ പൂര്‍ണഉത്തരവാദിത്തം യോഗിക്ക് മാത്രമാണെന്നാണ് ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ ആരോപിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular