ഹാദിയ കേസില്‍ ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി!!! വിവാഹം റദ്ദാക്കാന്‍ എന്ത് അധികാരം; ജീവിത പങ്കാളിയെ തീരുമാനിക്കേണ്ടത് സമൂഹമല്ല

ന്യൂഡല്‍ഹി: ഹാദിയക്കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഹാദിയയുടെ താത്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ വീഴ്ചകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയത്. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ തെറ്റായി നയിച്ചതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരെഴുതിയ വിധിയില്‍ പറയുന്നു.

ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഓരോ വ്യക്തിക്കും സ്വന്തം ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിഷയത്തില്‍ നിരോധിത മേഖലയിലാണ് കേരള ഹൈക്കോടതി കൈകടത്തിയിരിക്കുന്നതെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

ഇനി മറ്റാര്‍ക്കും ഇത്തരത്തില്‍ ഒരു അനീതി നേരിടാനുള്ള സാഹചര്യമുണ്ടാകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും വിവാഹത്തെപ്പറ്റിയല്ല കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിക്കണമെങ്കില്‍ അതുമായി മാത്രം എന്‍.ഐ.എ യ്ക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി വിധി ന്യായത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനസ്ഥാപനമായ കോടതികള്‍ വ്യക്തികളുടെ മൗലിക അവകാശങ്ങള്‍ക്കുമേല്‍ കൈകടത്തുന്ന നടപടി ഒട്ടും അനിയോജ്യമല്ലെന്നും സുപ്രിംകോടതി പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരസംസ്‌കാരത്തിലാണ് ഭരണഘടനയുടെ ശക്തി നിലനില്‍ക്കുന്നത്.

അതുകൊണ്ട് തന്നെ ഒരാള്‍ ആരെ വിവാഹം ചെയ്യണമെന്നും ആരോടൊപ്പം ജീവിക്കണമെന്നും ഉള്ളത് ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് മുകളിലാണ്. ഇത്തരം ബഹുസ്വരതയെ സംരക്ഷിക്കാനാണ് കോടതികള്‍ ശ്രമിക്കേണ്ടത് അല്ലാതെ തകര്‍ക്കാനല്ലെന്നും കോടതി പറഞ്ഞു.

ഹാദിയയുടെ വിഷയത്തില്‍ മുസ്ലിം നിയമപ്രകാരം സാധുവായ വിവാഹത്തിനുവേണ്ട നിബന്ധനകളൊന്നും തന്നെ ലംഘിക്കപ്പെട്ടിട്ടില്ലെന്നും സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹാദിയയുടെ അവകാശങ്ങളെ അംഗീകരിക്കാതിരിക്കുക വഴി ഇന്ത്യന്‍ പൗരന്‍മാരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുമേലാണ് ഹൈക്കോടതി കൈവച്ചതെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അഖില എന്ന ഹാദിയ എന്നതിന് പകരം ഹാദിയ എന്നു മാത്രമാണ് ഹാദിയക്കേസ് അവസാന വിധിപ്രസ്താവനയില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉപയോഗിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular