കാവേരി സമരത്തിന് പിന്തുണയുമായി സൂപ്പര്‍ താരങ്ങളും!!! സമരത്തില്‍ പങ്കെടുത്ത് വിജയും വിശാലും എം നാസറും

ചെന്നൈ: കാവേരി സമരത്തിന് പുന്തുണ അറിയിച്ച് തമിഴ് സൂപ്പര്‍ താരങ്ങളും. സമരം ശക്തമാവുമ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് തമിഴ് സൂപ്പര്‍ താരം വിജയ്, വിശാല്‍, എം. നാസര്‍ തുടങ്ങിയവര്‍ സമരപ്പന്തലില്‍ എത്തി.

കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രം പരാജയപ്പെട്ടെന്നാരോപിച്ച് തമിഴ്നാട്ടില്‍ സമരം ശക്തമായിത്തന്നെ തുടരുകയാണ്. വിഷയത്തില്‍ വ്യാഴാഴ്ച തമിഴ്നാട്ടില്‍ നടന്ന ബന്ദ് റെയില്‍ ഗതാഗതത്തെപ്പോലും ബാധിച്ചിരുന്നു.

ബോര്‍ഡ് രൂപീകരണത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും കഴിഞ്ഞ ദിവസം നിരാഹാരമിരുന്നിരുന്നു. ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് പളനിസ്വാമിയും പനീര്‍സെല്‍വവും അപ്രതീക്ഷിതമായി നിരാഹാരമിരുന്നത്. വൈകിട്ട് 5 മണിവരെ നിരാഹാരം തുടര്‍ന്നു. നിരവധി പാര്‍ട്ടി അണികളും സമരത്തില്‍ അണിചേര്‍ന്നിരുന്നു.

കാവേരി വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി നാളെയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ‘തമിഴ്നാടിന്റെ ജല ദൗര്‍ലഭ്യം ഞങ്ങള്‍ക്ക് മനസിലാവുന്നു. ഞങ്ങളത് പരിഹരിക്കും’ എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞിരുന്നു.

ഫെബ്രുവരി 16ന് സുപ്രീം കോടതി തമിഴ്നാടിന്റെ ജലവിഹിതം 192 ടി.എം.സിയില്‍ നിന്ന് 177.25 ടി.എം.സിയായി കുറച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയ്ക്ക് 14.75 ടി.എം.സി ജലം അധികം നല്‍കിയത് ബി.ജെ.പിയുടെ രാഷ്ട്രീയമാണെന്ന് തമിഴ്നാട് ആരോപിച്ചിരുന്നു.

ഫെബ്രുവരി 16ലെ സുപ്രീം കോടതി വിധി പ്രകാരം ആറാഴ്ചക്കുള്ളില്‍ കേന്ദ്രം കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ പരാജയപ്പെട്ടതാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണം.

Similar Articles

Comments

Advertismentspot_img

Most Popular