സമരം ചെയ്തവരെ തീവ്രവാദികളെന്നു വിളിച്ചവര്‍ മാപ്പ് പറയണം; കേരളത്തില്‍ നടക്കുന്നത് പട്ടാള ഭരണമോ എന്ന് സംശയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നവരെ തീവ്രവാദികളെന്ന് ആക്ഷേപിച്ചവര്‍ മാപ്പ് പറയണമെന്നും കേരളത്തില്‍ പട്ടാള ഭരണമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.വി ജയരാഘവനും ജി.സുധാകരനും മാപ്പ് പറയണം. സമരം ചെയ്യുന്നത് തീവ്രവാദികളല്ല, പാവപ്പെട്ടവരും സാധാരണക്കാരുമാണ്.

ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നവര്‍ മുസ്ലിം തീവ്രവാദികളാണെന്നായിരുന്നു സിപിഐഎം നേതാവ് എ വി ജയരാഘവന്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിക്കിടെ പറഞ്ഞത്. തീവ്രവാദികളെ മുസ്ലിം ലീഗ് മുന്നില്‍ നിര്‍ത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.

സമരക്കാര്‍ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നതെന്നുമായിരുന്നു സുധാകരന്റെ പ്രസ്താവന.

ദേശീയ പാത 45മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെയാണ് സമരം. മലപ്പുറം ജില്ലയിലെ 25,000ത്തിലേറെ ആളുകളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 1500 കുടുംബങ്ങളാണ് ഈ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നത്.

ദേശീയപാതാ ആക്ട് പ്രകാരമുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നത്. 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണം. പരിസ്ഥിതിക്കും ഭൂസ്ഥിതിക്കും പ്രദേശവാസികള്‍ക്കും സാമ്പത്തിക രംഗത്തുമൊക്കെ വലിയ നഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular