മെഡിക്കല്‍ പ്രവേശനത്തില്‍ കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് പിണറായി, ബില്‍ ഗവര്‍ണര്‍ക്ക് അയച്ചു

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തി നിയമസഭ ഒറ്റക്കെട്ടായാണ് ബില്‍ പാസാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്ന ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. ബില്‍ ഗവര്‍ണര്‍ക്ക് അയച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ചാല്ലെ പ്രതികരിക്കാനാകൂവെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ബില്ലില്‍ ഭരണഘടനാവിരുദ്ധമായി ഏന്തെങ്കിലും ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

നേരത്തെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഓര്‍ഡിനന്‍സിന് പകരമായി നിയമസഭ പാസാക്കിയ ബില്‍ നിയമവിരുദ്ധമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular