ഫേസ്ബുക്കിന്റെ സുരക്ഷ സംവിധാനം ക്രമീകരിക്കാന്‍ വര്‍ഷങ്ങളെടുക്കും!!! തുറന്ന് പറച്ചിലുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങളെടുക്കുമെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ തുറന്നുപറച്ചില്‍. വാക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന്റെ നല്ല വശങ്ങളെ മാത്രം കേന്ദ്രീകരിച്ചു എന്നതാണ് ഫെയ്സ്ബുക്കിന്റെ ഒരു പ്രശ്‌നം. സേവനങ്ങളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് മനസിലാക്കാന്‍ വേണ്ടത്ര സമയം ചെലവഴിച്ചില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

‘ഈ സാധ്യതകളെ മനസ്സിലാക്കി പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കും, പക്ഷെ, അതിന് കുറച്ച് വര്‍ഷങ്ങളെടുക്കും. മൂന്നോ ആറോ മാസങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ചിലതിനായി അധികം സമയം വേണ്ടിവരുമെന്നാതാണ് യാഥാര്‍ത്ഥ്യം’, സക്കര്‍ബര്‍ഗ് പറഞ്ഞു.

ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്‌നില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു സക്കര്‍ബര്‍ഗിന്റെ അഭിമുഖം.

Similar Articles

Comments

Advertismentspot_img

Most Popular