ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ നടപ്പാകില്ല; കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അതിനുള്ള മറുപടി ലഭിക്കുമെന്ന് നടന്‍ പ്രകാശ് രാജ്

ബംഗളൂരു: ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ നടപ്പാകില്ലെന്ന് നടന്‍ പ്രകാശ് രാജ്. ബംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാംസ്‌കാരിക യുദ്ധം എന്ന വിഷയത്തില്‍ സംസാരിക്കുയായിരുന്നു പ്രകാശ് രാജ്.

ബി.ജെ.പിയുടെ ഈ ഹിന്ദുത്വ പ്രചരണം കര്‍ണാടകയിലെ ജനങ്ങള്‍ അംഗീകരിക്കുമോ? തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള മറുപടി ലഭിക്കും. വൈവിധ്യമില്ലാത്ത ഒരു സമൂഹത്തിന് ഇവിടെ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയുമെന്നാണ് നമ്മള്‍ കരുതുന്നത്. എല്ലാവര്‍ക്കും ഐക്യത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയണം. എന്നാല്‍ ബി.ജെ.പി അവരുടെ ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുയാണ്. എന്നാല്‍ ഹിന്ദുത്വ അജണ്ട ഒരിക്കലും ഇവിടെ നടപ്പാക്കാന്‍ അവര്‍ക്ക് സാധിക്കില്ല.

എന്നാല്‍ പ്രകാശ് രാജിന്റെ പ്രസ്താവനക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം രംഗത്തെത്തി. താനൊരു ഹിന്ദുവാണെന്നും എന്നാല്‍ താന്‍ ജീവിക്കുന്നത് മതനിരപേക്ഷതയില്‍ വിശ്വസിച്ചാണ് എന്നുമായിരുന്നു സംസ്ഥാനത്തെ ബി.ജെ.പി വക്താവ് മാളവിക അവിനാഷിന്റെ പ്രതികരണം.

‘നിങ്ങള്‍ എന്താണ് (പ്രകാശ് രാജ്) സംസാരിക്കുന്നത്,’ ഒരുമതത്തിന്റേയും നിലനില്‍പ്പിനെ ഹിന്ദുയിസം ചോദ്യം ചെയ്തിട്ടില്ല. മാത്രമല്ല മതങ്ങളുടെ വിശ്വാസങ്ങളേയും ചോദ്യം ചെയ്തിട്ടില്ല. ഞങ്ങള്‍ ഹിന്ദുക്കള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെയുണ്ട്. മറ്റ് മതങ്ങളെല്ലാം വരുന്നതിന് മുന്‍പ് തന്നെ. അവര്‍ വന്നപ്പോഴും അവരെയെല്ലാം ഞങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട്. ഹിന്ദുവായിരിക്കുക എന്നതാണ് ഞങ്ങളുടെ സംസ്‌ക്കാരം.’-എന്നായിരുന്നു മാളവിക അവിനാഷിന്റെ പ്രതികരണം.

Similar Articles

Comments

Advertismentspot_img

Most Popular