ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ മലയാളികള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ പിഞ്ചുകുഞ്ഞും

കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാനായി കാസര്‍ഗോഡ് നിന്നും നാടുവിട്ട മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും
അഫ്ഗാന്‍ വഴി സിറിയയിലേക്ക് പോയവരാണ് മരണമടഞ്ഞതായി സ്ഥിരീകരണം വന്നത്. അമേരിക്കന്‍സേന നടത്തിയ ബോംബാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്റ്സിന് വിവരം കിട്ടി.
ഇവരേക്കുറിച്ച് അന്വേഷണം നടത്തിവരുന്ന എന്‍ഐഎ യും വിവരം സ്ഥിരീകരിച്ചു. ഏജന്‍സികളില്‍ നിന്നും വിവരം കിട്ടിയതായി ഡിജിപിയും വ്യക്തമാക്കി പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും അവരുടെ കുഞ്ഞും തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദുമാണ് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 16 പേരാണ് ഐഎസില്‍ ചേരാനായി പോയത്. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇവര്‍ അഫ്ഗാനിലെ നാങ്കര്‍ഹറില്‍ എത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
പല സംഘങ്ങളായിട്ടായിരുന്നു 2016 ല്‍ ഇവര്‍ കാസര്‍ഗോഡ് നിന്നും രാജ്യം വിട്ടത്. ഷിഹാസും അജ്മലയും മെയ് 24ന് ബംഗളൂരു വഴിയും മുഹമ്മദ് മന്‍സാദ് 2016 ജൂണില്‍ മുഹമ്മദ് മര്‍വാന്‍, ഹഫീസുദ്ദീന്‍ എന്നിവര്‍ക്കൊപ്പവും രാജ്യം വിട്ടതായിട്ടാണ് എന്‍ഐഎ കണ്ടെത്തിയത്. 2015 മുതലുള്ള ഇവരുടെ നീക്കമായിരുന്നു ഇതെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇവര്‍ മരണമടഞ്ഞതായി എന്‍ഐഎ സ്ഥിരീകരിച്ചിട്ടുമുണ്ട്.
കാണാതായവര്‍ ബന്ധുക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെയും സോഷ്യല്‍ മീഡിയ വഴിയുള്ള ആശയ വിനിമയത്തിന്റെയും സ്രോതസ്സ് പരിശോധിച്ച് ഇവര്‍ അഫ്ഗാനിലാണെന്ന നിഗമനത്തില്‍ നേരത്തേ എന്‍ഐഎ എത്തിയിരുന്നു. ഇവിടെ നിന്നും ഇവര്‍ സിറിയയിലേക്കോ ഇറാഖിലേക്കോ ഐഎസിന്റെ അധീന മേഖലകളിലേക്ക് പോയിരിക്കാമെന്ന നിഗമനവും എന്‍ഐഎ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ ഏജന്‍സികളും സമാനരീതിയില്‍ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അഫ്ഗാന്‍ വഴി ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular