പൃഥ്വിരാജിന്റെ ലംബോര്‍ഗിനി; മല്ലികാ സുകുമാരനെ ട്രോളുന്നവര്‍ക്ക് ഷോണ്‍ ജോര്‍ജ്ജിന്റെ മറുപടി

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വിഡിയോ ആണ്. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റേത്. റോഡ് മോശമായതിനാല്‍ തന്റെ മകന്റെ ലംബോര്‍ഗിനി കാര്‍ തറവാട്ട് വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന പരാതിയായിരുന്നു വിഡിയോയില്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു റോഡ് മോശമായത് കാരണം ലംബോര്‍ഗിനി കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന കാര്യം അവര്‍ പറഞ്ഞത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മല്ലികയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ട്രോള്‍ പേജുകളില്‍ ഇവരെ പരിഹസിക്കുകയും ചെയ്തിരുന്നു.

മല്ലിക സുകുമാരന്റെ വാക്കുകള്‍

എന്നാല്‍, ഇത്തരം ട്രോളുകള്‍ക്കെതിരെയും പരിഹാസങ്ങള്‍ക്കെതിരെയും രംഗത്ത് വന്നിരിക്കുകയാണ് പി.സി. ജോര്‍ജ്ജ് എംഎല്‍എയുടെ മകനും രാഷ്ട്രീയ നേതാവുമായ ഷോണ്‍ ജോര്‍ജ്ജ്.

ഷോണിന്റെ വാക്കുകള്‍ ഇങ്ങനെ

ഈ കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ ഒരു വിഡിയോ വളരെ വൈറലായി കണ്ടു. അതില്‍ അവരുടെ മക്കളുടെ വിലകൂടിയ വാഹനങ്ങള്‍ റോഡ് മോശമായതിന്റെ പേരില്‍ വീട്ടില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്ന പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ വിമര്‍ശനത്തിന് കാരണമായി. ആ വിഷയത്തിലേക്കല്ല ഞാന്‍ വരുന്നത്.

അവര്‍ പറഞ്ഞതിലെ ഒരു കാര്യം നമ്മള്‍ കാണേണ്ടതുണ്ട്. അവരുടെ മകന്‍ പൃഥ്വിരാജ് ഈയിടെ ഒരു ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചു. നമ്മള്‍ മാധ്യമങ്ങളിലെല്ലാം കണ്ടതാണ്. മൂന്നുകോടിയിലധികം രൂപ വിലയുള്ള ഒരു വാഹനമാണ്. 45 ലക്ഷം രൂപ അവര്‍ അതിന് റോഡ് ടാക്‌സ് അടച്ചു.

എന്തിനാണ് നമ്മള്‍ റോഡ് ടാക്‌സ് അടയ്ക്കുന്നത്? നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്‌സാണ് റോഡ് ടാക്‌സ്. ആ ടാക്‌സ് അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുന്ന എന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ മല്ലിക സുകുമാരന്‍ പറഞ്ഞതിലെ ഈ കാര്യം നിഷേധിക്കാനാവില്ല. 45 ലക്ഷം രൂപ റോഡ് ടാക്‌സ് അടച്ച അവര്‍ക്ക് വാഹനമോടിക്കാന്‍ നല്ല ഒരു റോഡ് ലഭിക്കുക എന്നത് ന്യായമായ ആവശ്യമാണ്.

SHARE