അഭിനയത്തില്‍ മാത്രമല്ല, ഗൗതമി ഇക്കാര്യത്തിലും പുലിയാണ്…!

തന്റെ അഭിനയശൈലികൊണ്ട് ആരാധകരുടെ മനംകവര്‍ന്ന നടിയാണ് ഗൗതമി നായര്‍. ദുല്‍ഖറിനൊപ്പം സെക്കന്‍ഡ് ഷോയിലും ഡയമണ്ട് നെക്ലേസില്‍ ഫഹദിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഗൗതമി ചുരുങ്ങിയ വേഷങ്ങള്‍കൊണ്ടുതന്നെ മലയാളികളുടെ പ്രിയ താരമായി. വിവാഹത്തിനു ശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന ഗൗതമി നായരുടെ പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
സിനിമയ്ക്കുവേണ്ടി പഠനത്തിന് അവധി നല്‍കിയിരുന്ന ഗൗമതി ഇപ്പോള്‍ നേരെ തിരിച്ച് സിനിമയക്ക് അവധി നല്‍കി പരീക്ഷിയില്‍ മിന്നും താരമായി.
കേരള സര്‍വകലാശാലയുടെ എം.എസ്.സി. സൈക്കോളജി പരീക്ഷയില്‍ രണ്ടാം റാങ്കോടെയാണ് ഗൗതമി വിജയിച്ചിരിക്കുന്നത്. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഗൗതമി 1800ല്‍ 1456 മാര്‍ക്ക് നേടിയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്. അതേ കോളേജിലെ കൃപ ദിന മാത്യൂസിനാണ് ഒന്നാം റാങ്ക്. 1515 മാര്‍ക്കാണ് കൃപ നേടിയത്. പാര്‍വതി ഗിരീഷ് മൂന്നാം റാങ്കും സ്വന്തമാക്കി. പി.എച്ച്.ഡി കരസ്ഥമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിന് നല്‍കിയ മറുപടിയില്‍ ഗൗതമി പറഞ്ഞു.
തന്റെ കന്നി ചിത്രത്തിന്റെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെ കഴിഞ്ഞ വര്‍ഷമാണ് ഗൗതമി വിവാഹം ചെയ്തത്. തകഴി കാടമ്പുറം മധുസൂദനന്‍ നായരുടെയും ശോഭയുടെയും മകളാണ് ഗൗതമി നായര്‍. കോഴിക്കോട് ബേപ്പൂര്‍ നോര്‍ത്ത് പുത്രോടത്ത് വീട്ടില്‍ രാജേന്ദ്രനാഥിന്റെയും മീരയുടെയും മകനാണ് ശ്രീനാഥ് രാജേന്ദ്രന്‍.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രീനാഥ് സംവിധാന രംഗത്തെത്തിയപ്പോള്‍ അതേ ചിത്രത്തിലൂടെ തന്നെയാണ് ഗൗതമിയും സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ഡയമണ്ട് നെക്ലേസും ഗൗതമിയുടെ ശ്രദ്ധേയമായ ചിത്രമാണ്. മോഹന്‍ലാലിനെ നായകനാക്കി കൂതറ എന്ന ചിത്രവും ശ്രീനാഥ് സംവിധാനം ചെയ്തിട്ടുണ്ട്.

SHARE