സുക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 67,000 കോടി രൂപയുടെ ഇടിവ്…!!!

ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് ഉണ്ടായത് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്തിലും ഇടിവുണ്ടാക്കിയിരിക്കുന്നത്.

കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടെ ഫെയ്സ്ബുക്കിന്റെ ഓഹരി വില 14 ശതമാനമാണ് കൂപ്പുകുത്തിയത്. ഇതാണ് സക്കര്‍ബര്‍ഗിന്റെ ആസ്തിമൂല്യം ഇടിയാനുള്ള പ്രധാന കാരണം. ഫെയ്സ്ബുക്കില്‍ 17 ശതമാനം ഓഹരി പങ്കാളിത്തമാണ് 33കാരനായ സക്കര്‍ബര്‍ഗിന് നിലവിലുള്ളത്. തട്ടിപ്പ് പുറത്തുവന്നതോടെ ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍ അദ്ദേഹം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഓഹരി വിപണിയിലെ ഇടിവില്‍ സക്കര്‍ബര്‍ഗ് ഉള്‍പ്പെടെ ലോകത്തിലെ 500 അതിസമ്പന്നരുടെ സമ്പത്തില്‍ കഴിഞ്ഞയാഴ്ച ചോര്‍ച്ചയുണ്ടായി. 500 പേര്‍ക്കും കൂടി ഒരാഴ്ചകൊണ്ട് 18,100 കോടി ഡോളറിന്റെ (11.76 ലക്ഷം കോടി രൂപ) നഷ്ടമാണ് ഉണ്ടായത്. വാരന്‍ ബഫെറ്റ്, ആമസോണ്‍ മേധാവി ജെഫ് ബെസോസ്, ആല്‍ഫബെറ്റ് (ഗൂഗിള്‍) മേധാവി ലാറി പേജ്, ഒറാക്കിള്‍ മേധാവി ലാറി എല്ലിസണ്‍ എന്നിവരുടെ ആസ്തിമൂല്യത്തിലും ഇടിവുണ്ടായി.

Similar Articles

Comments

Advertismentspot_img

Most Popular