43 കത്തുകള്‍ പ്രധാനമന്ത്രി മോദക്ക് അയച്ചു; ഒരെണ്ണത്തിനു പോലും മറുപടി നല്‍കിയില്ല

ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണ ഹസാരെ വീണ്ടും ഡല്‍ഹിയില്‍ നിരാഹാരസമരം തുടങ്ങി. ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന മെല്ലപ്പോക്ക് നയത്തിനെതിരെയാണ് സമരം. സ്ഥിരതയുള്ള ലോക്പാല്‍ നടപ്പാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 43 കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ചെന്നും ഒരെണ്ണത്തിനു പോലും മറുപടി ലഭിച്ചില്ലെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ നിലപാടുകളോടുള്ള കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് രാജ്യത്തെ ഇളക്കിമറിച്ച അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണ ഹസാരെ ജന്തര്‍ മന്ദറില്‍ വീണ്ടും നിരാഹാരസമരത്തിനെത്തിയിരിക്കുന്നത്. അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹസാരെ വെള്ളിയാഴ്ച്ച മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാന്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഹസാരെ ആവശ്യപ്പെടുന്നു.

ആവശ്യങ്ങളുന്നയിച്ച് മോദിക്കെഴുതിയ 43 കത്തുകളില്‍ ഒന്നിനു പോലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് നിര്‍ബന്ധിതനായതെന്ന് അണ്ണാ ഹസാരെ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മതിയായ നടപടികളുണ്ടാകുംവരെ സമരം തുടരാനാണ് തീരുമാനം. ആദ്യദിനം ആറായിരത്തോളം പേരാണ് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. സമരത്തിന് ജനപങ്കാളിത്തം കുറഞ്ഞതിന് കാരണം മോദി സര്‍ക്കാരാണെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.

പ്രക്ഷോഭകര്‍ ഡല്‍ഹിയിലേക്കെത്താതിരിക്കാന്‍ നിരവധി ട്രെയിനുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയെന്ന് ഹസാരെ ആരോപിച്ചു. തന്റെ സമരത്തിന് പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് സര്‍ക്കാരിനെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular