കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് ബദലായി സിപിഎമ്മിന്റെ ‘നാടുകാവല്‍’ സമരം

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ ‘വയല്‍കാവല്‍’ സമരത്തിനെതിരെ സിപിഎമ്മിന്റെ ‘നാടുകാവല്‍’ സമരം നാളെ. വയല്‍നികത്തി ബൈപാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം 25നു തുടങ്ങാനിരിക്കെയാണു തലേദിവസം മറ്റൊരു സമരവുമായി സിപിഎം രംഗത്തെത്തുന്നത്.

കീഴാറ്റൂരിലെ പ്രശ്നങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ ഇടപെടുന്നതിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണു നാടുകാവല്‍ സമരം സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ടു കീഴാറ്റൂര്‍ വയലില്‍ കാവല്‍പ്പുര സ്ഥാപിച്ച ശേഷം തളിപ്പറമ്പ് പട്ടണത്തിലേക്കു മാര്‍ച്ച് നടത്താനാണു പരിപാടി. സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.തുടര്‍ന്നു തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ കണ്‍വന്‍ഷന്‍ നടത്തും.

25നു ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ചില്‍ രണ്ടായിരം പേരെ പങ്കെടുക്കുമെന്നാണ് വയല്‍ക്കിളി കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു. വയല്‍ക്കിളി ഐക്യദാര്‍ഢ്യ മാര്‍ച്ചിനു ‘പുറത്തു നിന്നു’ വരുന്നവരെ തടയുമോ എന്നു സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രദേശത്തു സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നു സ്പെഷല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബൈപാസ് വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാടു മയപ്പെടുത്തിയതു പ്രശ്നപരിഹാര സാധ്യതയ്ക്കു വഴി തുറന്നിട്ടുണ്ട്. ബൈപാസ് ഒഴിവാക്കി തളിപ്പറമ്പ് പട്ടണത്തിലെ നിലവിലെ റോഡ് വീതികൂട്ടിയും മേല്‍പ്പാലം നിര്‍മിച്ചും ദേശീയപാത വികസിപ്പിക്കണമെന്ന നിര്‍ദേശത്തോട് എതിര്‍പ്പില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ജി.സുധാകരനും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ബൈപാസ് വേണ്ട മേല്‍പ്പാലം മതി എന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സംസ്ഥാനം സഹകരിക്കുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular