മോഹന്‍ലാലിന് ഭീഷണിയുമായി അമീര്‍ ഖാന്‍

മുംബൈ: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാംമൂഴം. മലയാളത്തിന്റെ ഡ്രീം പ്രൊജക്ടായ രണ്ടാമൂഴത്തിന് വെല്ലുവിളിയായി ഇന്ത്യന്‍ സിനിമയിലെ പെര്‍ഫക്ഷനിസ്റ്റായ ആമിര്‍ ഖാന്‍ മഹാഭാരതം ഒരുക്കുന്നു വെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം നിര്‍മ്മിക്കാന്‍ പോകുന്നത് മുകേഷ് അംബാനിയാണ്.

ആമിര്‍ തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതത്തിന് പിറകിലായിരുന്നു കുറേ നാളുകളായി. എന്നാല്‍ ചിത്രം നിര്‍മ്മിക്കാന്‍ വലിയ ഒരു നിര്‍മ്മാണ കമ്പനിയെ തേടിയപ്പോഴാണ് ചിത്രത്തിന്റെ നിര്‍മ്മാണം മുകേഷ് അംബാനി ഏറ്റെടുത്തത്.
ആയിരം കോടിയാണ് ഇതിനായി മാറ്റിവെയ്ക്കുക. ഇതിനായി ഒരു പുതിയ നിര്‍മ്മാണകമ്പനിയും മുകേഷ് തുടങ്ങുമെന്നും സൂചനയുണ്ട്. ആമിര്‍ ഖാന്‍ കൈ വച്ചാല്‍ ചിത്രം മികച്ചതാവും എന്നുള്ളതാണ് മുകേഷിനെ ഈ ചിത്രത്തിന്റെ ഭാഗമാക്കാന്‍ തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.
മുമ്പ് ബാഹുബലിയടക്കമുള്ള വന്‍ ചിത്രങ്ങള്‍ ഒരുക്കിയ എസ് എസ് രാജമൗലി മഹാഭാരതം ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നു. മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, രജനീകാന്ത് എന്നിവരായിരുന്നു രാജമൗലിയുടെ മനസ്സിലെ കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്. എന്നാല്‍ എം ടിയുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ മഹാഭാരതം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതിനാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു.
ഹോളിവുഡ് സീരിസുകളായ ലോര്‍ഡ് ഓഫ് ദ് റിങ്‌സ്, ഗെയിം ഓഫ് ത്രോണ്‍ പോലെ പല ഭാഗങ്ങളായാകും ഈ ചിത്രം നിര്‍മ്മിക്കാന്‍ ആമിര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ സിനിമയുടെ കഥ, സംവിധാനം എന്നീ മേഖലകളില്‍ ആരൊക്കെ ഉണ്ടാകുമെന്ന വിവരം പുറത്തുവന്നിട്ടില്ല.
തഗസ് ഓഫ് ഹിന്ദുസ്ഥാന് ശേഷം മഹാഭാരതമായിരിക്കും ആമിറിന്റെ അടുത്ത പ്രോജക്ട് എന്നാണ് പുറത്ത് വരുന്ന വിവരം. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇപ്പോള്‍ ആമിര്‍ ഖാന്‍.
മോഹന്‍ലാലിനെ വെച്ച് ഒരുക്കുന്ന മഹാഭാരതം നിര്‍മ്മിക്കുന്നത് ബി ആര്‍ ഷെട്ടിയാണ്. മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയാവും ഇത് പുറത്തിറങ്ങുക.
മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. സിനിമയുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും ഓഫര്‍ ലഭിച്ചിട്ടുണ്ട്. ആയിരം കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ത്യയിലെ പല പ്രമുഖ നടന്മാരും വേഷമിടും.

Similar Articles

Comments

Advertismentspot_img

Most Popular