ഇങ്ങനെയും ഒരു വിവാഹം; വധൂവരന്‍മാര്‍ വിവാഹ ദിനത്തില്‍ അവയവദാനത്തിന് തയാറായപ്പോള്‍ സംഭവിച്ചത്…

നാസിക്: വിവാഹ ദിനം വ്യത്യസ്തമാക്കാന്‍ ഇപ്പോള്‍ വധൂവരന്‍മാര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അങ്ങിനെ വ്യത്യസ്തമായ ഒരു കല്യാണം നടന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. വിവാഹ ദിനത്തില്‍ വധൂവരന്‍മാര്‍ അവയവദാന സമ്മത പത്രത്തില്‍ ഒപ്പിട്ടു. ഇത് കണ്ട് ദമ്പതികള്‍ക്കൊപ്പം നിന്ന് വിവാഹ ചടങ്ങിനെത്തിയ മുഴുവന്‍ പേരും അവയവദാനത്തിന് മുന്നോട്ട് വന്ന അപൂര്‍വ കാഴ്ചയാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ സംഭവിച്ചത്. അസിസ്റ്റന്റ് പിഎഫ് കമ്മീഷ്ണര്‍ വര്‍ഷ പഗറിന്റെയും ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ സ്വപ്‌നില്‍ കൊത്തവാഡെയുടെയും വിവാഹമാണ് വ്യത്യസ്തമായത്.
നവവരനും വധുവും അവയവം ദാനം ചെയ്യാനുള്ള സമ്മത പത്രത്തില്‍ ഒപ്പിട്ടതോടെ വിവാഹത്തിനെത്തിയ 700 അതിഥികളാണ് ഇവര്‍ക്കൊപ്പം ചേര്‍ന്ന് അവയവം ദാനം ചെയ്യാന്‍ സന്നദ്ധരാണെന്ന് അറിയിച്ചത്. 60 പേര്‍ രക്തം ദാനം ചെയ്തും മാതൃകയായി. അവയവങ്ങള്‍ ദാനം ചെയ്യാന്‍ താനും ഭര്‍ത്താവും മാനസികമായി തയ്യാറായിരുന്നു. അതിനുള്ള സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ നല്ല സന്ദര്‍ഭം തങ്ങളുടെ വിവാഹ സുദിനം തന്നെയാണെന്ന് കരുതി. നിരവധി പേരെത്തുന്ന ഈ ചടങ്ങില്‍ എടുക്കുന്ന തീരുമാനം മറ്റുള്ളവര്‍ക്കുള്ള പ്രോത്സാഹനവും ബോധവത്കരണവുമാണെന്നും വര്‍ഷ പറഞ്ഞു. വിവാഹത്തിനെത്തിയവരുടെ പ്രതികരണം അവിശ്വസനീയമായിരുന്നുവെന്നും 60 ബാഗ് രക്തമാണ് അവിടെനിന്ന് ലഭിച്ചതെന്നും സാമൂഹ്യപ്രവര്‍ത്തകന്‍ ലക്ഷ്മണ്‍ ജംകര്‍ പറഞ്ഞു.

SHARE