അമരത്ത് കാല്‍നൂറ്റാണ്ട് തികയ്ക്കാന്‍ പുടിന്‍; 75 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി പടയോട്ടം

മോസ്‌കോ: റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍തന്നെ ജയമുറപ്പിച്ച് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ (65). തുടര്‍ച്ചയായി രണ്ടാം തവണയും പ്രസിഡന്റാകുന്നതോടെ, നാലുതവണയായി അധികാരക്കസേരയില്‍ പുടിന്‍ കാല്‍നൂറ്റാണ്ടു തികയ്ക്കും. 75 ശതമാനത്തോളം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്റെ പടയോട്ടം.
മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിനു കാര്യമായ വെല്ലുവിളി ഉണ്ടായില്ല. പുടിന്റെ പ്രധാന വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവല്‍നിക്കു കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായില്ല. അദ്ദേഹം തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.
50 ശതമാനത്തിലേറെ പോളിങ് നടന്നതായാണ് പ്രാഥമിക സൂചനകള്‍. പോളിങ് ശതമാനം താഴാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ നിര്‍ബന്ധപൂര്‍വം ബൂത്തുകളിലെത്തിച്ചതായി എതിരാളികള്‍ ആരോപിച്ചിരുന്നു. ഔദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ 74 ശതമാനത്തോളം വോട്ടുകള്‍ പുടിനു ലഭിക്കുമെന്നായിരുന്നു പ്രവചനം. പുടിന്‍ അടക്കം എട്ടു സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുണ്ടായിരുന്നത്. ആറു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഫലസൂചനകള്‍ പുറത്തുവന്നതോടെ നടത്തിയ റാലിയില്‍ പുടിന്‍ വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular