ബാലറ്റ് പേപ്പര്‍ തിരിച്ചു വരുന്നു…; കോണ്‍ഗ്രസിന്റെ ആവശ്യത്തിന് സമ്മതം മൂളി ബിജെപിയും; വോട്ടിങ് മെഷീന്‍ ഓര്‍മയാകുമോ…?

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നതിന് പകരം പഴയകാലത്ത് ഉപയോഗിച്ചിരുന്ന പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയാല്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കിയതിന് ശേഷമാണ് പേപ്പര്‍ ബാലറ്റില്‍നിന്ന് വോട്ടിങ് യന്ത്രങ്ങളിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നകാര്യം കോണ്‍ഗ്രസ് ഓര്‍ക്കണമെന്ന് റാം മാധവ് പറഞ്ഞു. എന്നാല്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാണ് ഇപ്പോള്‍ പാര്‍ട്ടികള്‍ നിലപാട് എടുക്കുന്നതെങ്കില്‍ അക്കാര്യം പരിഗണിക്കാമെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി പഴയ ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങണമെന്നാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യമുന്നയിച്ചത്. യഥാര്‍ഥ ജനവിധി അട്ടിമറിക്കുന്നതരത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നതായി രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുജനങ്ങളും ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഈയാവശ്യം ഉന്നയിക്കുന്നതെന്ന് എ.ഐ.സി.സി.യുടെ പ്ലീനറി സമ്മേളനത്തില്‍ അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.
ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വന്‍വിജയം നേടിയ പശ്ചാത്തലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് കൂടി വോട്ടിങ് യന്ത്രത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്ലീനറി സമ്മേളനത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular