ദേശീയ പാതയില്‍ ക്യാമറ കണ്ട് വാഹനത്തിന്റെ വേഗത കുറച്ചിട്ട് ഇനി കാര്യമില്ല… ഫൈന്‍ വീട്ടിലെത്തും….!!!

പാലക്കാട്: അമിത വേഗത്തില്‍ വാഹനമോടിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വേഗം കുറച്ചാല്‍ രക്ഷപെടാമെന്ന് ഇനി കരുതേണ്ട. ഇത്തരക്കാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. വാളയാര്‍-വടക്കഞ്ചേരി ഭാഗത്താണ് പുതിയ പരീക്ഷണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്.

ദേശീയപാതയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുകയും ക്യാമറയ്ക്ക് അടുത്തെത്തുമ്പോള്‍ വേഗം കുറയ്ക്കുകയും ചെയ്യുന്നവരെ രണ്ടു ക്യാമറ പോയിന്റുകള്‍ക്കിടയിലെ ദൂരം താണ്ടാനെടുക്കുന്ന സമയം ഉപയോഗിച്ച് പിടികൂടാനാണ് പദ്ധതി.

ദേശീയപാത 544ല്‍ വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള 54 കിലോമീറ്റര്‍ ഭാഗത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. 37 ക്യാമറകളാണ് ഈ ദൂരത്തില്‍ സ്ഥാപിക്കുകയെന്ന് ആര്‍ടിഒ ടി.സി. വിനീഷ് പറഞ്ഞു. ഏകദേശം രണ്ടു കിലോമീറ്റര്‍ ഇടവിട്ടാണു സ്ഥാപിക്കുക. കെല്‍ട്രോണിനാണു ഇതിനുള്ള ചുമതല. 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ.

ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ 90 കിലോമീറ്ററാകും ഇവിടെ വേഗപരിധി. അപകടശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍, കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ എന്നിവ കണ്ടെത്താനും ക്യാമറകള്‍ സഹായിക്കും. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് ക്യാമറയില്‍ പതിയുന്നതോടെ അന്വേഷണത്തിലുള്ള വാഹനമാണെങ്കില്‍ ഇതു സംബന്ധിച്ച സന്ദേശം പൊലീസിനു നല്‍കാന്‍ സംവിധാനമുണ്ടാകും.

Similar Articles

Comments

Advertismentspot_img

Most Popular