വി മുരളീധരന്‍ രാജ്യസഭാ എംപിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗവുമായ വി. മുരളീധരന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാല് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പിന്‍മാറിയതോടെയാണ് വോട്ടെടുപ്പ് ഒഴിവാകുകയും മുരളീധരന്റെ രാജ്യസഭാ പ്രവേശനം ഉറപ്പായത്.പത്രിക സമര്‍പ്പിച്ചിരുന്ന ബിജെപിയുടെ വിജയ് രഹത്കറാണ് പത്രിക പിന്‍വലിച്ചത്. ഇതോടെ മഹാരാഷ്ടയില്‍ നിന്നു പത്രിക സമര്‍പ്പിച്ച ആറു പേരും ഇതോടെ തെരഞ്ഞെടുക്കപ്പെടും. മുരളീധരന്റെ രാജ്യസഭാംഗത്വം കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനും വഴിയൊരുക്കുമെന്നാണു സൂചന.

എന്‍ഡിഎ സംസ്ഥാന ഉപാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മല്‍സരിക്കും. നിലവില്‍ രാജ്യസഭയില്‍ സ്വതന്ത്ര അംഗമാണ്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റു ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണു വി.മുരളീധരനു ബിജെപി കേന്ദ്രനേതൃത്വം രാജ്യസഭാ ടിക്കറ്റ് നല്‍കിയത്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

രാഷ്ട്രീയ പരിചയസമ്പത്തിനു പുറമെ സാമുദായിക പരിഗണനയും രാജ്യസഭയിലേക്ക് മുരളീധരന് അനുകൂല ഘടകമായി. നായര്‍ സമുദായാംഗമായ സുരേഷ് ഗോപിക്കും ക്രിസ്ത്യന്‍ സമുദായാംഗമായ അല്‍ഫോന്‍സ് കണ്ണന്താനത്തിനും രാജ്യസഭാംഗത്വം നല്‍കിയ ബിജെപി നേതൃത്വം റിച്ചാര്‍ഡ് ഹേയെ ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയാക്കി. ഇത്തവണ ഈഴവതിയ്യ വിഭാഗത്തെ പരിഗണിച്ചതു മുരളീധരനെ തുണച്ചു.

Similar Articles

Comments

Advertismentspot_img

Most Popular