കെ.കെ. രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം….!

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ പുകഴ്ത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്ത് സിപിഎം. നിലപാടു തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുമെന്നു ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.
സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. ടിപിയെ പാര്‍ട്ടിയിലേക്കു തിരിച്ചുകൊണ്ടു വരുന്നതിനു ദൂതന്മാര്‍ മുഖേന ശ്രമം നടത്തിയിരുന്നതായാണു മനസ്സിലാക്കുന്നത്. സിപിഎമ്മിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികള്‍ അതിനെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടിപി കുലംകുത്തിയാണെന്ന പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തില്‍ നിന്നുണ്ടായതാണെന്നും പി.മോഹനന്‍ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്‍ പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്നും സിപിഎമ്മിനോട് അടുക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. സിപിഎം നശിക്കണമെന്നു ടിപിക്കു താല്‍പര്യമുണ്ടായിരുന്നില്ല. ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കണമെന്നും ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ആര്‍എംപി കെ.കെ.രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നുമാണു കോടിയേരി പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular