നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വിചാരണയ്ക്കായി കോടതിയില്‍ ഹാജരായി; വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് നടി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കാന്‍ പ്രതികളായ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി. കേസിന്റെ പ്രാഥമിക വിചാരണയാണ് ഇന്ന് നടക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് അക്രമിക്കപ്പെട്ട നടി അപേക്ഷിച്ചു. വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും രഹസ്യ വിചാരണയായിരിക്കണമെന്നും നടിയുടെ അപേക്ഷയിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിയാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചന വിവരങ്ങള്‍ പുറത്ത് വന്നതോടെ നവംബര്‍ 22ന് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയും ദിലീപിനെ എട്ടാം പ്രതിയുമാക്കി അങ്കമാലി കോടതിയില്‍ 650 പേജുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. 355 ഓളം സാക്ഷി മൊഴികളും 15 ഓളം രഹസ്യമൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 450 ഓളം രേഖകളും മറ്റ് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വിചാരണക്ക് ഹാജരാവാന്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളടെ എല്ലാ പ്രതികള്‍ക്കും ഈ മാസം ആദ്യം കോടതി സമന്‍സ് അയച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഒന്നാം പ്രതി കൊടി സുനി ഉള്‍പ്പടെ ആറുപേര്‍ റിമാന്‍ഡിലാണ്. ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിനെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.

അതേസമയം വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ കൂടി വിധി പറഞ്ഞ ശേഷമാകും വിചാരണക്കോടതിയില്‍ നടപടികള്‍ തുടങ്ങുക.

Similar Articles

Comments

Advertismentspot_img

Most Popular