ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നു; കനത്തമഴയ്ക്കും കാറ്റിനും സാധ്യത, തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തിന് 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം എത്തിയിരിക്കുന്നത്.

ഇടിയോടുകൂടിയ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കന്‍ തമിഴ്നാട്, കന്യാകുമാരി, മാന്നാര്‍ കടലിടുക്ക്, മാലദ്വീപ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികളെ വിലക്കി.

വ്യോമ, നാവിക സേനകളും തീരസംരക്ഷണ സേനയും അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമായിട്ടുണ്ട്. മുന്നറിയിപ്പിനെത്തുടര്‍ന്ന് ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍സര്‍വീസ് താത്കാലികമായി നിര്‍ത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. കടലില്‍ മീന്‍പിടിക്കാന്‍പോയ ബോട്ടുകള്‍ക്ക് തിരികെയെത്താന്‍ തീരസംരക്ഷണസേന നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം എട്ടുബോട്ടുകളും മൂന്ന് ട്രോളറുകളും അവര്‍ തിരികെയെത്തിച്ചിരുന്നു.

വ്യാഴാഴ്ചവരെ കന്യാകുമാരിമാലദ്വീപ്, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലും തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലും ബുധനാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെവരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴപെയ്തേക്കും.

കൂടുതല്‍ തീവ്രമാകുന്ന ന്യൂനമര്‍ദം ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തിന് തെക്ക്തെക്കുപടിഞ്ഞാറ് 350 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദമുള്ളത്. മിനിക്കോയ് ദ്വീപില്‍നിന്ന് 480 കിലോമീറ്റര്‍ തെക്കുകിഴക്കായി വരുമിത്.

ന്യൂനമര്‍ദ മുന്നറിയിപ്പിനെത്തുടര്‍ന്ന് എല്ലാ തുറമുഖങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കി. ന്യൂനമര്‍ദം തുറമുഖങ്ങളെ ബാധിക്കുമെന്ന മൂന്നാംനമ്പര്‍ അപായ സൂചനയാണ് നല്‍കിയിട്ടുള്ളത്.

തീരദേശ ജില്ലകളില്‍ അതിജാഗ്രത പുലര്‍ത്താനും എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍റൂമുകള്‍ തുറക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തീരദേശ ദുരിതാശ്വാസകേന്ദ്രങ്ങള്‍ സജ്ജമാക്കി അവയുടെ താക്കോല്‍ തഹസില്‍ദാര്‍മാര്‍ സൂക്ഷിക്കണം. കളക്ടറേറ്റുകളില്‍ നിരീക്ഷണ സെല്ലുകള്‍ തുറക്കണം. ഉദ്യോഗസ്ഥര്‍ രാത്രിയും ഓഫീസില്‍ ഉണ്ടാകണമെന്നും നിര്‍ദേശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular