സി.പി.ഐ.എമ്മിന് പുതിയ ദിശാബോധം വേണം; പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ ചര്‍ച്ച ചെയ്യും: പ്രകാശ് കാരാട്ട്

തിരുവനന്തപുരം: സിപിഐഎമ്മിന് പുതിയ ദിശാബോധം വേണമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഷ്ട്രീയ പ്രത്യയ ശാസ്ത്ര പോരാട്ടങ്ങളില്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം വേണമെന്ന പാഠമാണ് ത്രിപുര നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുവിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ത്രിപുരയില്‍ പാര്‍ട്ടിക്ക് തിരിച്ചടി ആയതെന്ന് കാരാട്ട് അഭിപ്രായപ്പെട്ടു. ഇതിനൊപ്പം ബിജെപിയുടെ പണാധിപത്യവും ത്രിപുരയില്‍ തിരിച്ചടിയായി. ത്രിപുരയിലെ പ്രതിസന്ധി നേരിടാനും മറികടക്കാനും പാര്‍ട്ടിക്ക് കഴിയും. പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ അടവുനയം ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് വ്യക്തമാക്കി.

ത്രിപുരയില്‍ 45 ശതമാനം വോട്ട് പാര്‍ട്ടിക്ക് ലഭിച്ചു. ഇടതുവിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചതാണ് ത്രിപുരയിലെ പരാജയത്തിന് കാരണം. അതോടൊപ്പം ബിജെപിയുടെ പണാധിപത്യവും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ ഇനിയൊരു തിരിച്ചുവരവും പ്രതിസന്ധി മറികടക്കുന്നതിനുള്ള ആര്‍ജവവും പാര്‍ട്ടിക്കുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ വെച്ച് പുതിയ ദിശാബോധം പാര്‍ട്ടിക്ക് നല്‍കേണ്ടതുണ്ട് എന്നാണ് ത്രിപുര ചൂണ്ടിക്കാണിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലപാട് കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് ത്രിപുരയില്‍ സിപിഐഎമ്മിന് തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ ബൂത്ത് തലത്തിലുള്ള അംഗങ്ങള്‍ വരെ ബിജെപിയിലേക്ക് ചേക്കേറിയതാണ് ഇത്തരത്തിലൊരു തിരിച്ചടി അവിടെ നേരിടേണ്ടി വന്നതിന് കാരണമെന്നും കാരാട്ട് വിശദീകരിച്ചു.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ധാരണയുണ്ടാക്കണമെന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. നേരത്തെ യെച്ചൂരിയുടെ വാദങ്ങളെ കാരാട്ട് തള്ളിക്കളഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular