പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വാറ്റ് രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം; ലളിതമായ നടപടികള്‍ മാത്രം

അബുദാബി: വാറ്റ് റജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്നു ഫെഡറല്‍ ടാക്‌സ് അഥോറിറ്റി നിര്‍ദേശിച്ചു. അതോറിറ്റിയുടെ വെബ് സൈറ്റില്‍ ഇ-സര്‍വീസസ് പോര്‍ട്ടലില്‍ ലളിതമായ മൂന്നു നടപടികളിലൂടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.
24 മണിക്കൂറും സേവനം പോര്‍ട്ടലില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. നികുതി അടയ്‌ക്കേണ്ടയാള്‍ക്കോ പ്രതിനിധിക്കോ നടപടികള്‍ 15-20 മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാം. 3,75,000 ദിര്‍ഹത്തിലേറെ വരുമാനമുള്ള സ്ഥാപനങ്ങളാണു റജിസ്റ്റര്‍ ചെയ്യേണ്ടത്. രാജ്യാന്തര നിലവാരത്തില്‍ ഒരുക്കിയിരിക്കുന്നതാണ് എഫ്ടിഎയുടെ വെബ്‌സൈറ്റ്. വാറ്റ് റജിസ്‌ട്രേഷന്‍, വാറ്റ് റിട്ടേണ്‍ സമര്‍പ്പിക്കല്‍, നികുതി നല്‍കല്‍ തുടങ്ങിയവയ്ക്ക് വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം.
കൂടാതെ, വാറ്റ് സംബന്ധിച്ച വിവരങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവയ്ക്കും വെബ്‌സൈറ്റിന്റെ സഹായം തേടാം. വാറ്റ് റജിസ്‌ട്രേഷനു സമയപരിധി പ്രഖ്യാപിച്ചിട്ടും സ്ഥാപനങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നു വൈകി റജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്നു പിഴ ഈടാക്കുന്ന തീയതി എഫ്ടിഎ നീട്ടിയിരുന്നു. ഏപ്രില്‍ 30വരെ ഇപ്പോള്‍ സമയം നല്‍കിയിട്ടുണ്ട്. ഭരണതല പിഴ ഒഴിവാക്കാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കു പരമാവധി അവസരം നല്‍കാനും നികുതി നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ സമയം നല്‍കാനുമാണ് എഫ്ടിഎ പിഴ ഒടുക്കേണ്ട തീയതി സംബന്ധിച്ച പരിധി നീട്ടിയത്.
ടാക്‌സ് ഗ്രൂപ്പ് റജിസ്‌ട്രേഷന്‍ സംബന്ധിച്ചും എഫ്ടിഎ നിര്‍ദേശങ്ങള്‍ നല്‍കി. ടാക്‌സ് ഗ്രൂപ്പ് റജിസ്‌ട്രേഷന്‍ ചെയ്യേണ്ടവര്‍ പ്രതിനിധിയെ നിയമിച്ചാണു റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. പ്രതിനിധിക്ക് ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ടിആര്‍എന്‍) ലഭിച്ചാല്‍, മറ്റ് അംഗങ്ങളെയും ചേര്‍ക്കാം. പ്രത്യേകമായി റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും അംഗങ്ങളെ ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.മറ്റ് അംഗങ്ങളെയും ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഗ്രൂപ്പിന് മൊത്തമായി ടിആര്‍എന്‍ ലഭ്യമാകും.
വെബ്‌സൈറ്റ് വഴി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ട നടപടികളും എഫ്ടിഎ വിശദീകരിച്ചു. ഇ സര്‍വീസ് പോര്‍ട്ടലില്‍ റജിസ്‌ട്രേഷന്‍ എന്ന വിഭാഗത്തില്‍ ക്ലിക് ചെയ്ത് നടപടികള്‍ ആരംഭിക്കാം. ആദ്യപടി പൂര്‍ത്തിയാക്കിയാല്‍ വെരിഫിക്കേഷന്‍ ഈമെയില്‍ അയയ്ക്കും. തുടര്‍ന്ന് അക്കൗണ്ടിനായി തുടര്‍നടപടികള്‍ ചെയ്യാം. അക്കൗണ്ട് രൂപീകരണം, ഫോം പൂരിപ്പിക്കല്‍, അനുമതിക്കായി സമര്‍പ്പണം എന്നീ മൂന്നുനടപടികളാണു പൂര്‍ത്തിയാക്കേണ്ടത്.
കൃത്യമായ വിവരം അപേക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന് എഫ്ടിഎ ഓര്‍മിപ്പിച്ചു. ട്രേഡ് ലൈസന്‍സ്, മാനേജരുടെയോ ഉടമയുടെയോ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി പകര്‍പ്പ്, ഓതറൈസ്ഡ് സിഗ്‌നേറ്ററി മാനേജര്‍ അല്ലെങ്കില്‍ ബന്ധപ്പെട്ടയാളുടെ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി പകര്‍പ്പ്, ഓതറൈസ്ഡ് സിഗ്‌നേറ്ററി ആയി നിയമിച്ചതിന്റെ രേഖകള്‍ (ഉദാ. ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍, പവര്‍ ഓഫ് അറ്റോര്‍ണി) തുടങ്ങിയവ സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം.

SHARE