ത്രിപുരയില്‍ സിപിഎമ്മിനു നേരെ വ്യാപക അക്രമം; ലെനിന്‍ പ്രതിമ തകര്‍ത്തു; അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ പ്രതിഷേധമാണെന്ന് ബിജെപി (വീഡിയോ)

അഗര്‍ത്തല: കാല്‍നൂറ്റാണ്ടിനു ശേഷമുള്ള നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യംകുറിച്ച് ബിജെപി അധികാരത്തിലെത്തിയ ത്രിപുരയില്‍ സിപിഎം സ്ഥാപനങ്ങള്‍ക്കുനേരെ കനത്ത ആക്രമണം. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ ഒരു സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തത്. ‘ഭാരത് മാതാ കി ജയ്’ എന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

മറിച്ചിട്ട ശേഷം പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകര്‍ക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫുട്ബോള്‍ കളിച്ചതായും സിപിഎം നേതാവ് തപസ് ദത്തയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ ‘കമ്യൂണിസം ഫോബിയ’ ആണ് ഇത്തരം പ്രവൃത്തികളിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതോടെ സിപിഎമ്മിന്റെ പ്രവര്‍ത്തകരും അനുഭാവികളും വലിയതോതില്‍ ശാരീരിക ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ ആരോപിച്ചു. നിരവധി ഓഫീസുകള്‍ പിടിച്ചെടുക്കുകയും തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തു. നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ പലതും തുറക്കാന്‍ അനുവദിക്കുന്നില്ല. നിരവധി നേതാക്കള്‍ക്കെതിരെ ഭീഷണിയുയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ച്ചയായി 21 വര്‍ഷം അധികാരത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി 2013ല്‍ ആണ് ലെനിന്‍ പ്രതിമ സ്ഥാപിച്ചത്. മൂന്നു ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച പ്രതിമക്ക് 11.5 അടി ഉയരമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പ്രതിമകളില്‍ ഒന്നാണ് തകര്‍ക്കപ്പെട്ട പ്രതിമയെന്ന് ബിജാന്‍ ധര്‍ പറഞ്ഞു. ലെനിന്റെ കൂടാതെ രവീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍, വിദ്യാസാഗര്‍ തുടങ്ങിയവരുടെയും പ്രതിമകള്‍ നഗരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്രയുംകാലം ഇടതുപക്ഷത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായ ജനങ്ങളുടെ പ്രതികരണമാണ് പ്രതിമ തകര്‍ക്കുന്നതിലൂടെ കണ്ടതെന്ന് ബിജെപി പ്രതികരിച്ചു. എന്നാല്‍ പ്രതിമ തകര്‍ക്കാനുപയോഗിച്ച ബുള്‍ഡോസര്‍ പാര്‍ട്ടി വാടകയ്ക്കെടുത്തതാണെന്ന ആരോപണം അവര്‍ നിഷേധിച്ചു. ബുള്‍ഡോസര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

Similar Articles

Comments

Advertismentspot_img

Most Popular