പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി; പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

കോഴിക്കോട്: വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. വിഷയത്തില്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
തിരഞ്ഞെടുപ്പില്‍ അന്‍വര്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചെന്നും സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പരാതി എത്തിയത്. ജനപ്രാതിനിധ്യ നിയമം 125 എ പ്രകാരം പരാതിക്കാരന് കോടതിയെ സമീപിക്കാം. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഇ കെ മാജിയുടെതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ചത് വ്യാജ സത്യവാങ്മൂലമാണെന്നും സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നുമുള്ള പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിവെയ്ക്കുകയായിരുന്നു.
അതേസമയം വഞ്ചനാ കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെയുള്ള കേസില്‍ അന്വേഷണം നിലച്ചുവെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി ലഭിച്ചു. മംഗളുരുവിലെ പാറമട വ്യവസായത്തില്‍ പങ്കാളിത്തം വാഗ്ദാനം നല്‍കി അരക്കോടി രൂപ വെട്ടിച്ചുവെന്ന് കാണിച്ച് കേസ് നല്‍കിയ പ്രവാസിയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. തെളിവുകളുണ്ടായിട്ടും എ.എല്‍.എയ്‌ക്കെതിരെ നടപടികള്‍ നിലച്ചുവെന്നാണ് പരാതി.
മലപ്പുറം പട്ടര്‍കടവ് സ്വദേശി സലീം നടുത്തൊടിയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. സി.ജെ.എം കോടതിയുടെ നിര്‍ദേശ പ്രകാരം മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം നിലച്ചുവെന്നാണ് പരാതി. മംഗളുരുവിലെ പാറമട വ്യവസായത്തില്‍ പങ്കാളിത്തം വാഗ്ദാനം നല്‍കി പി.വി.അന്‍വര്‍ എം.എല്‍ എ അരക്കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു സലീമിന്റെ പരാതി. ബാങ്കുകളുമായി ബന്ധപെട്ട് നടത്തിയ അന്വേഷണത്തില്‍ പി.വി.അന്‍വര്‍ എം.എല്‍.എയും പരാതിക്കാരനും തമ്മില്‍ പണമിടപാട് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മംഗളുരുവിലെ പാറമടയിലും ബല്‍ത്തങ്ങാടിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസിലും അന്വേഷണ സംഘം തിരച്ചിലും നടത്തിയിരുന്നു. പരാതിക്കാരനുമായി ഉണ്ടാക്കിയ കരാറില്‍ പറയുന്ന പാറമട കര്‍ണാടക സ്വദേശിയായ ഇബ്രാഹിമിന്റെ പേരിലാണെന്നതിന്റെ രേഖകള്‍ ബല്‍ത്തങ്ങാടി താലൂക്ക് ഓഫീസില്‍ നിന്നും രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും പൊലീസ് സംഘത്തിന് ലഭിക്കുകയും ചെയ്തു.
ഇതിന് ശേഷം അന്വേഷണം നിലച്ചതായാണ് സലീമിന്റെ പരാതി. പി.വി അന്‍വര്‍ എം.എല്‍.എയെ ചോദ്യം ചെയ്യുന്നത് നീട്ടികൊണ്ടുപോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഉടനെ തന്നെ പരാതി മോണിറ്ററിങ് സെല്ലിന് കൈമാറി. അതേ സമയം കന്നഡയിലുള്ള രേഖകള്‍ മൊഴിമാറ്റാനുള്ള കാലതാമസമാണ് അന്വേഷണം നീളാനുള്ള കാരണമെന്നാണ് പൊലീസ് പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular