മത്സ്യ വില്‍പ്പനയ്ക്ക് പുതിയ രീതി വരുന്നു; വില കുറഞ്ഞേക്കും

കൊച്ചി: മത്സ്യ വില്‍പ്പനയില്‍ ഇടനിലക്കാരെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഓണ്‍ലൈന്‍ വഴി മീന്‍ വില്‍ക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം(സി.എം.എഫ്.ആര്‍.ഐ). ഇതിനായി ഇ.കൊമേഴ്സ് വെബ്സൈറ്റും, മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുത്തു. ഇതോടെ മത്സ്യവിലയില്‍ കുറവുണ്ടായേക്കുമെന്നാണ് കരുതുന്നത്. കടലില്‍ നിന്ന് പിടിക്കുന്നതും കൃഷി ചെയ്ത് വിളവെടുത്തതുമായ മത്സ്യങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ് സംവിധാനം. മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ സ്വയം സഹായക സംഘങ്ങള്‍ രൂപീകരിച്ചാണ് ഓണ്‍ലൈന്‍ വിപണനം നടക്കുക.
രണ്ടാഴ്ചയ്ക്കുള്ളില്‍ മീനുകള്‍ ഓണ്‍ലൈന്‍ വഴി വിപണനം ചെയ്ത് തുടങ്ങും. കുളങ്ങളിലും കായലുകളിലും കൃഷി ചെയ്യുന്ന കാളാഞ്ചി, കരിമീന്‍, ചെമ്മീന്‍, തിലാപ്പിയ, ചെമ്പല്ലി, മോത തുടങ്ങിയ മത്സ്യങ്ങള്‍ക്ക് പുറമെ, കടലില്‍ നിന്ന് പിടിച്ച് ലാന്‍ഡിംഗ് സെന്ററുകളിലെത്തുന്ന എല്ലാതരം കടല്‍ മത്സ്യങ്ങളും വിവിധ സ്വയം സഹായക സംഘങ്ങളുടെ കീഴില്‍ ഓണ്‍ലൈന്‍ വിപണനയില്‍ ലഭ്യമാകും.
മിതമായ വിലയില്‍ ഗുണനിലവാരവുമുള്ള മത്സ്യങ്ങള്‍ ഓണ്‍ലൈനിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകും. കഴുകി വൃത്തിയാക്കിയതും അല്ലാത്തതുമായ മത്സ്യങ്ങള്‍ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.
ആദ്യഘട്ടത്തില്‍ കാഷ്-ഓണ്‍ ഡെലിവറിയായാണ് പണമിടപാടുകള്‍. അടുത്ത ഘടത്തില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ച് യോജിച്ച സ്വയം സഹായക സംഘങ്ങള്‍ക്ക് കൈമാറുന്ന ജോലി സി.എം.എഫ്.ആര്‍.ഐ നിര്‍വഹിക്കും. മത്സ്യകര്‍ഷകരോ മത്സ്യത്തൊഴിലാളികളോ ഉള്‍പ്പെടുന്ന സ്വയം സഹായക സംഘങ്ങള്‍ക്കാണ് സി.എം.എഫ്.ആര്‍.ഐയുടെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി മത്സ്യവില്‍പന നടത്താന്‍ അവസരമുള്ളത്. വ്യത്യസ്ത സംഘങ്ങളുടേതായി പലതരം മീനുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി തിരഞ്ഞെടുക്കാനാകും.

Similar Articles

Comments

Advertismentspot_img

Most Popular