ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തശേഷം പരീക്ഷ എഴുതാതെ ഇരുന്നാല്‍ ഇനി പണികിട്ടും… ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ഗുരുതര നടപടിക്കൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പരീക്ഷ എഴുതാതെ ഇരിക്കുകയും ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടപടിക്കൊരുങ്ങി പി.എസ്.സി. ഇത്തരത്തില്‍ കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു പിഴ ഈടാക്കുന്നതിനെക്കുറിച്ചാണ് പിഎസ്സി ആലോചിക്കുന്നത്. സ്ഥിരമായി ഇങ്ങനെ വിട്ടു നില്‍ക്കുന്നവരെ പരീക്ഷയെഴുതുന്നതില്‍ നിന്നു വിലക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും പി.എസ്.സിയുടെ ആലോചിക്കുന്നുണ്ടെന്നും പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു.

ഒരു ഉദ്യോഗാര്‍ഥിക്കു പരീക്ഷ നടത്തുന്നതിനു പിഎസ്സിക്ക് 500 രൂപയിലേറെ ചെലവു വരുന്നുണ്ട്. ആരില്‍ നിന്നും ഒരു പൈസ പോലും വാങ്ങുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്കു പകുതിപ്പേര്‍ പോലും എത്താത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതു പരീക്ഷയ്ക്കു 30 ദിവസം മുമ്പെങ്കിലും ആക്കും. ഇതു ഫലപ്രദമാകണമെങ്കില്‍ ഹാള്‍ ടിക്കറ്റ് എടുത്തിട്ടും പരീക്ഷയ്ക്കു വരാത്തവര്‍ക്കു പിഴ ചുമത്തണം.

പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരില്‍ നിന്നും നിശ്ചിത ഫീസ് വാങ്ങിയ ശേഷം പരീക്ഷയ്ക്ക് എത്തുന്നവര്‍ക്ക് അതു തിരികെ നല്‍കുന്നതാണു പരിഗണനയിലുള്ള മാര്‍ഗം. കൂടുതല്‍ പേര്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്കു രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുകയെന്ന പിഎസ്സിയുടെ പരിഷ്‌കാരം കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (കെഎഎസ്) പരീക്ഷയിലായിരിക്കും ആദ്യം നടപ്പാക്കുക. ഒബ്ജക്ടിവ് രീതിയിലുള്ള പ്രാഥമിക പരീക്ഷ പാസാകുന്നവര്‍ക്കായി വിവരണാത്മക പരീക്ഷ നടത്തും. തുടര്‍ന്ന് ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎഎസിലേക്കുള്ള റാങ്ക് പട്ടിക തയാറാക്കുക.

കെഎഎസ് പരീക്ഷയുടെ സിലബസും പരീക്ഷാ രീതിയും രണ്ടു മാസത്തിനുള്ളില്‍ തീരുമാനിക്കും. കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നതിനാലാണു ധൃതി പിടിക്കാത്തത്. ഉപസമിതി സിലബസ് തയാറാക്കിയിട്ടുണ്ട്. യുപിഎസ്സിയുടെ സിലബസിനൊപ്പം നില്‍ക്കുന്നതാണിത്. ഇതില്‍ വിജയിക്കുന്നയാള്‍ക്ക് ഐഎഎസ് പരീക്ഷയും പാസാകാന്‍ സാധിക്കും. സമാന സ്വഭാവമുള്ള തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഒന്നിച്ചു നടത്താനാണു പിഎസ്സിയുടെ തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular