ഈ റെക്കോഡ് ശ്രീദേവിക്കുമാത്രം; ബോളിവുഡിലെ പ്രമുഖരെ പോലും പിന്നിലാക്കി

ശ്രീദേവിയെന്ന താരകം പൊലിയുമ്പോള്‍ ആരാധക മനസ്സില്‍ മിന്നിമറയുന്നതു നൂറുകണക്കിന് ചിത്രങ്ങളാണ്. ബോളിവുഡ് രാജാക്കന്മാരെ പോലും കടത്തിവെട്ടിയാണ് ആളാണ് ശ്രീദേവി. കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തിയ ‘മോമി’ലൂടെ ശ്രീദേവി തികച്ചത് 300 ചിത്രങ്ങളെന്ന സ്വപ്ന റെക്കോര്‍ഡ്. 50 വര്‍ഷത്തെ അഭിനയ സപര്യയില്‍ കാമ്പുള്ള കഥാപാത്രങ്ങളുടെ വമ്പും കൊണ്ടുകൂടിയാണ് ശ്രീ, ബോളിവുഡ് താരറാണിയായത്.
ബോളിവുഡില്‍ എട്ടു സിനിമകളില്‍ ശ്രീ ഇരട്ടവേഷമിട്ടു– ഗുരു, നാകാ ബന്ദി, ചാല്‍ബാസ്, ലംഹേ, ഖുദാ ഗവാ, ഗുരുദേവ്, നാഗ ബന്ദി, ആന്‍സൂ ബാനെ അംഗാരെ. ചാല്‍ബാസില്‍ ഇരട്ട സഹോദരിമാരുടെ റോളായിരുന്നു– അഞ്ജു ദാസും മഞ്ജു ദാസും. ബോളിവുഡിലെ മികച്ച 25 ഡബിള്‍ റോളുകളില്‍ ഒന്നായാണു ചാല്‍ബാസിലെ ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്.

യാഷ് ചോപ്രയുടെ മികച്ച 10 സിനിമകളിലാണു ലംഹേയുടെ സ്ഥാനം. അമ്മയുടെയും മകളുടെയും വേഷത്തില്‍ ശ്രീ നിറഞ്ഞാടി. ലംഹേയിലെ പല്ലവിയെയും പൂജയെയും കാണികള്‍ നെഞ്ചേറ്റി. മികച്ച സിനിമ, നടി, വസ്ത്രാലങ്കാരം ഉള്‍പ്പെടെ അഞ്ച് ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ ഈ സിനിമ സ്വന്തമാക്കി. അഫ്ഗാന്‍ പടയാളി ബേനസീര്‍, മകള്‍ മെഹന്ദി എന്നീ വേഷങ്ങളായിരുന്നു ഖുദാ ഗവായില്‍. അമിതാഭ് ബച്ചനായിരുന്നു മറുവശത്ത്.

മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് സിനിമ നേടി. മികച്ച നടിക്കുള്ള നോമിനേഷനിലൂടെ ശ്രീയും തിളങ്ങി.1993ലെ ഗുരുദേവ് ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. അനില്‍ കപൂറും ഋഷി കപൂറും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തില്‍ സുനിത, പ്രിയ എന്നിവരുടെ റോളുകളിലായിരുന്നു ശ്രീ. മലയാളത്തില്‍ ഐ.വി.ശശിയുടെ അംഗീകാരം എന്ന സിനിമയിലും ഇരട്ട വേഷമായിരുന്നു– സതിയും വിജിയും. കമല്‍ഹാസന്റെ ‘കാക്കിസട്ടൈ’യുടെ ഹിന്ദി പതിപ്പായ ഗുരുവില്‍ ശ്രീദേവി രണ്ടു കഥാപാത്രങ്ങളായി വന്നു– ഉമയും രമയും.

ശ്രീദേവിയുടെ ആദ്യ മലയാളചിത്രമാണു കുമാരസംഭവം (1969). ഇതിലുള്‍പ്പെടെ തുണൈവന്‍ (1969), ആദി പരാശക്തി (1971) തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി മുരുകന്റെ വേഷമാണ് അഭിനയിച്ചത്. ജുറാസിക് പാര്‍ക്കില്‍ അഭിനയിക്കാന്‍ 1993ല്‍ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് വിളിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയിട്ടുമുണ്ട് ശ്രീദേവി. ബോളിവുഡില്‍ സൂപ്പര്‍താരമായി കത്തിനില്‍ക്കുന്ന കാലത്തു ഹോളിവുഡില്‍ ചെറിയൊരു വേഷം വേണ്ടെന്നായിരുന്നു നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular