സി.പി.ഐ.എമ്മിനെ കോടിയേരി തന്നെ നയിക്കും… സംസ്ഥാന കമ്മറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍, ഒമ്പതുപേരെ ഒഴിവാക്കി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരെഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണയോടെ തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്.

2015 ല്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ് കോടിയേരി ആദ്യം സെക്രട്ടറിയാകുന്നത്. ഒരു ഊഴം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വീണ്ടും തിരഞ്ഞെടുക്കുകയായിരിന്നു. മറ്റൊരാളുടെ പേരും പാര്‍ട്ടിയുടെ പരിഗണനയിലില്ലായിരുന്നു. പരോക്ഷ പരാമര്‍ശങ്ങളൊഴിച്ചാല്‍ മക്കളുടെ വിവാദത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പുറത്തുയര്‍ന്ന വിമര്‍ശനങ്ങളൊന്നും സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടില്ല. ഒരേ പദവിയില്‍ മൂന്നു തവണ തുടരാമെന്നതാണു പാര്‍ട്ടി നയം.

ബിനോയി കോടിയേരി ഉള്‍പ്പെട്ട സാമ്പത്തികത്തട്ടിപ്പു കേസ് സമ്മേളനത്തിനു മുമ്പ് ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞതും കോടിയേരിക്ക് സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചതിന് ഒരു കാരണമാണ്.

അതേസമയം, 10 പുതുമുഖങ്ങളെ ഉള്‍പെടുത്തിയും ഒന്‍പതുപേരെ ഒഴിവാക്കിയും സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ആകെ 87 അംഗങ്ങളാണു പുതിയ സംസ്ഥാന കമ്മിറ്റിയിലുളളത്. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസും കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങളാണ്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ ഉടന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും.

സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളകയിരിക്കും. മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍, സി.എച്ച്. കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രന്‍, ഗോപി കോട്ടമുറിക്കല്‍, കെ. സോമപ്രസാദ്, കെ.വി. രാമകൃഷ്ണന്‍, ആര്‍. നാസര്‍ തുടങ്ങിയവരാണ് മറ്റു പുതുമുഖങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular