സൗദിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍!! സംഭവത്തില്‍ ദുരൂഹത

ജിദ്ദ: സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്വാന(30) എന്നിവരാണ് മരിച്ചത്.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ് തിങ്കളാഴ്ച വൈകിട്ടു ദുരൂഹ സാഹചര്യത്തില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ് കുഞ്ഞബ്ദുല്ല. സന്ദര്‍ശക വീസയില്‍ വന്നു ഭര്‍ത്താവിനോടൊപ്പം അല്‍ഹസ്സയില്‍ കഴിയുകയായിരുന്നു റിസ്വാന. ഇവര്‍ക്ക് മക്കളില്ല. മൊയ്തു- കുഞ്ഞാമി ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല. ഇബ്രാഹിം ഹാജി ഖദീജ ദമ്പതികളുടെ മകളാണു റിസ്വാന.

ദമാമില്‍നിന്നു മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ്വാനയുടെ അമ്മാവനും തുടര്‍ നടപടികള്‍ക്കായി സ്ഥലത്തുണ്ട്.

ഞായറാഴ്ച അല്‍ഹസ്സയില്‍നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു നടന്ന തിരച്ചിലില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവര്‍ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിനു സമീപ പ്രദേശത്തുനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ പൊലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്വാനയുടേതുമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular