കോണ്‍ഗ്രസിന് വോട്ട് ചെയ്യാതിരുന്നാലെ കുടിവെള്ളം തരൂ… വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മന്ത്രി

ഭോപാല്‍: കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് അവസാനിപ്പിച്ച് ബി.ജെ.പിക്ക് വോട്ടു ചെയ്താലെ കുടിവെള്ളം തരൂവെന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് വാണിജ്യവകുപ്പ് മന്ത്രി യശോധര രാജെ സിന്ധ്യ. ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോലറാസ് മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് മന്ത്രിയുടെ ഭീഷണി.

‘നിങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ മന്ത്രി ഞാനായത് കൊണ്ട് നിങ്ങളുടെ കാര്യം സംസാരിക്കാന്‍ വന്നാല്‍ ഞാന്‍ പരിഗണിക്കുകയില്ല. എന്റെ വകുപ്പ് അയാളെ സഹായിക്കുകയില്ല’ മന്ത്രി പറഞ്ഞു.

കോലറാസ് മണ്ഡലത്തിലുള്ളവര്‍ക്ക് വെള്ളം കിട്ടാത്തതെന്താണെന്ന് വോട്ടര്‍മാരിലൊരാള്‍ ചോദിച്ചപ്പോള്‍ കൈയ്ക്ക് വോട്ടു ചെയ്യുന്നത് അവസാനിപ്പിച്ചാല്‍ നല്‍കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

‘രണ്ടു തവണ നിങ്ങള്‍ കൈ ചിഹ്നത്തിന് വോട്ടുചെയ്തു. എത്ര തവണ നിങ്ങള്‍ കൈയ്ക്ക് വോട്ട് ചെയ്ത് വെള്ളം ഇല്ലാതെ ജീവിക്കും. ഗ്യാസ് സ്റ്റൗ നല്‍കുന്നത് പോലെയുള്ള പദ്ധതികളുണ്ട്. ബി.ജെ.പിയുടെ പദ്ധതിയാണിത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്കത് ലഭിക്കില്ല’ മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്. സിന്ധ്യയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിന്ധ്യ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോലാറസ്.

Similar Articles

Comments

Advertismentspot_img

Most Popular