കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നടന്നത് 61,000 കോടിയുടെ വായ്പാ തട്ടിപ്പ്!!! ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി റോയിടേഴ്‌സ്

ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നടന്ന വായ്പത്തട്ടിപ്പുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളില്‍ 61,000 കോടിയുടെ വായ്പാത്തട്ടിപ്പുകള്‍ നടന്നെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിടേഴ്സ് റിപ്പേര്‍ട്ട് ചെയ്തു.

റിസര്‍വ് ബാങ്കില്‍നിന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് റോയിടേഴ്സിന്റെ റിപ്പോര്‍ട്ട്. 2017 മാര്‍ച്ച് 31 വരെയുള്ള അഞ്ചുവര്‍ഷത്തില്‍ 8670 വായ്പത്തട്ടിപ്പുകേസുകളാണ് പൊതുമേഖലാബാങ്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2012-13 സാമ്പത്തികവര്‍ഷം 6357 കോടി രൂപയുടെ തട്ടിപ്പ് റിപ്പോര്‍ട്ട്‌ചെയ്ത ബാങ്കിങ് മേഖലയില്‍ 17,634 കോടി രൂപയുടെ തട്ടിപ്പാണ് ഈ സാമ്പത്തികവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.

അതില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പ് (11,400 കോടി രൂപ) ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന കേസുകള്‍ മാത്രമേ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂവെന്നത് കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ വായ്പ്പാത്തട്ടിപ്പുകളുടെ കണക്കുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് അറിയുന്നത്.

അഞ്ചുവര്‍ഷത്തിനിടെ 389 കേസുകളിലായി 6562 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടന്ന പി.എന്‍.ബി.യാണ് പട്ടികയില്‍ ഒന്നാമത്. നീരവ് മോദിയുടെ തട്ടിപ്പ് ഇതിലുള്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

389 കേസുകളിലായി 4473 കോടി രൂപയുടെ തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി.), 231 കേസുകളിലായി 4050 കോടി രൂപയുടെ തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് ഇന്ത്യ (ബി.ഒ.ഐ.) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ.)യില്‍ റിപ്പോര്‍ട്ട് ചെയ്തത് 1069 കേസാണ്. എന്നാല്‍ എസ്.ബി.ഐ തുക വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലെ 21 പൊതുമേഖലാ ബാങ്കുകളില്‍ 20 എണ്ണത്തില്‍നിന്ന് റോയിട്ടേഴ്‌സ് ലേഖകന്‍ വിവരാവകാശപ്രകാരം രേഖകള്‍ ചോദിച്ചിരുന്നെങ്കിലും 15 മറുപടികള്‍മാത്രമാണ് ലഭിച്ചത്. എത്തരത്തിലാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നതും എത്ര രൂപ തിരിച്ചുപിടിച്ചെന്നതും ബാങ്കുകള്‍ വ്യക്തമാക്കിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular