സംസ്ഥാനത്ത് ഇന്നുമുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും

തിരുവനന്തപുരം: മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നിലവില്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ല എന്ന് ആരോപിച്ചാണ് ബസുടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.

ബസുടമകളുടെ സംയുക്ത സമരസമിതി വ്യാഴാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. കേരളത്തിലെ 12 സ്വകാര്യ ബസ് ഉടമ സംഘടനകളുടെ കീഴിലുള്ള 14,800 ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 19ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പുതിയ നിരക്ക് വര്‍ധന കെ.എസ്.ആര്‍.ടിസിക്ക് വേണ്ടി മാത്രമുള്ളതാണെന്ന് ഇവര്‍ ആരോപിച്ചു. യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണ്.

ഇവരുടെ നിരക്ക് കൂട്ടാതെ ബസ് സര്‍വീസ് മുന്നോട്ട് കൊണ്ടുപോകാനാവില്ല. വിദ്യാര്‍ഥികള്‍ക്ക് നിരക്കിളവ് നല്‍കേണ്ട ബാധ്യത സ്വകാര്യ ബസുകള്‍ക്ക് ഇല്ലെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം. ഇല്ലെങ്കില്‍ കണ്‍സഷന്‍ നല്‍കുന്നത് നിര്‍ത്തിവെക്കും. വാര്‍ത്തസമ്മേളനത്തില്‍ കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ടി. ഗോപിനാഥന്‍, പി.കെ. മൂസ, എം.കെ. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നുമുതല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യൂണിറ്റ് അധികാരികള്‍ക്കു ഇതുസംബന്ധിച്ചു കത്ത് നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular