ഇനി സിനിമയില്‍ അഭിനയിക്കില്ല; ആരാധകരെ ഞെട്ടിച്ച് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു

ചെന്നൈ: ലോകമെങ്ങും ആരാധകരുള്ള നടനാണ് ഉലകനായകന്‍ കമല്‍ഹാസന്‍. ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് കമല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കമല്‍ ഹസ്സന്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പരാമര്‍ശം.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതിപൂര്‍വകമായ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണു തന്റെ ആഗ്രഹം. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വര്‍ഷമായി താന്‍ സന്നദ്ധപ്രവര്‍ത്തക മേഖലയിലുണ്ടായിരുന്നു. ഈ 37 വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകരെയാണു താന്‍ നേടിയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
’37 വര്‍ഷങ്ങളായി ഇവരെല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു. 250 വക്കീലന്മാരടക്കം യുവാക്കളായ ഒട്ടേറെപ്പേര്‍ക്കൊപ്പമാണു ഞങ്ങളും സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. പണം സമ്പാദിക്കുന്നതിനല്ല താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. ഒരു നടനായി മാത്രം ജീവിച്ചു മരിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണു താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ജനങ്ങളെ സേവിച്ചു കൊണ്ടായിരിക്കും തന്റെ മരണം. അക്കാര്യത്തില്‍ തനിക്കു തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്’ – അദ്ദേഹം വ്യക്തമാക്കി.
‘എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. കാവി നിറം വ്യാപിക്കുന്നതില്‍ തനിക്ക് അത്യധികം ആശങ്കയുണ്ട്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണ്. അതേക്കുറിച്ചു പരാതി പറയാന്‍ സാധിക്കില്ല. ദ്രാവിഡന്‍ സംസ്‌കാരത്തേയും കറുത്തവരെയും പ്രതിനിധാനം ചെയ്യുന്നതായിരിക്കും തന്റെ രാഷ്ട്രീയത്തിലെ കറുപ്പ്. തമിഴരായ ഞങ്ങള്‍ക്കു കറുപ്പൊരു മോശം നിറമല്ല. ബിജെപിയുമായി ഒരിക്കലും കൈകോര്‍ക്കില്ല’ – കമല്‍ പറഞ്ഞു.
‘താനൊരു ഹിന്ദു വിരോധിയോ അവര്‍ക്കെതിരോ അല്ല. രജനീകാന്തിന്റെ രാഷ്ട്രീയം കാവിനിറത്തില്‍ അധിഷ്ഠിതമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെടില്ല. പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പാണു താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ അതു സംബന്ധിച്ചൊരു അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. തമിഴ്‌നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ രാഷ്ട്രീയത്തിലെത്തണമെന്ന സ്ഥിതി ആയതിനാലാണ് ഇത്തരം തീരുമാനമെടുത്തത്. മുഖ്യമന്ത്രിയാകാനല്ല തന്റെ ആഗ്രഹം, ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ്’ – കമല്‍ വിശദീകരിക്കുന്നു.

രജനീകാന്തിന്റേതു ‘കാവി’ രാഷ്ട്രീയമാണെന്നു വ്യക്തമാക്കുന്ന ചെറിയ ചില സൂചനകള്‍ ലഭിച്ചിരുന്നെന്നു കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത ലഭിച്ചിട്ടില്ല. ആ നയം തുടരാനാണു രജനിയുടെ തീരുമാനമെങ്കില്‍ അദ്ദേഹവുമായി യാതൊരു സഖ്യത്തിനും തയാറാകില്ല. തന്റേതു കാവിരാഷ്ട്രീയമല്ലെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.
‘തിരഞ്ഞെടുപ്പില്‍ രജനിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം തള്ളിക്കളയാനാകില്ല. എന്നാല്‍ ഇരുപാര്‍ട്ടികളുടെയും നയങ്ങളും ആശയങ്ങളും ഒത്തുചേര്‍ന്നു പോയാല്‍ മാത്രമേ ഇതു സാധ്യമാകൂ. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്…’ ഹാവാര്‍ഡ് സര്‍വകലാശാലയിലെ വാര്‍ഷിക ഇന്ത്യന്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചാണ് കഴിഞ്ഞയാഴ്ച അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അതു ജനങ്ങളുടെ തീരുമാനമാണ്. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തു തുടരാന്‍ തന്നെയാണു തീരുമാനം. ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനാണു പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്, രാഷ്ട്രീയക്കാര്‍ക്കൊപ്പം നില്‍ക്കാനല്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനു ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേജ്രിവാളിന്റെ മാത്രമല്ല എല്ലാവരുടെയും ഉപദേശം സ്വീകരിക്കുമെന്നും കമല്‍ പറഞ്ഞിരുന്നു.
തമിഴ്‌നാട്ടിലെ ഓരോ ജില്ലയിലെയും ഒരു ഗ്രാമം വീതം ദത്തെടുത്ത് അതിനെ ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമമാക്കി മാറ്റുമെന്നും ഉലകനായകന്‍ വ്യക്തമാക്കുകയുണ്ടായി. ഇതിനായി പദ്ധതി തയാറാക്കും. ആദ്യഘട്ടത്തില്‍ ഒരു ഗ്രാമമായിരിക്കും തിരഞ്ഞെടുക്കുക. പിന്നീടിത് ഓരോ ജില്ലയിലേക്കും വ്യാപിപ്പിക്കും. ആത്മവിശ്വാസമുള്ള, സ്വയം പര്യാപ്ത ഗ്രാമങ്ങളുണ്ടാകണം എന്ന ഗാന്ധിജിയുടെ ആശയമാണ് ഇക്കാര്യത്തില്‍ വഴികാട്ടിയെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular